Crime News

നിഷാമിനെതിരെ കാപ്പ: കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Posted on: 02 Mar 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി തിങ്കളാഴ്ച കളക്ടര്‍ക്ക് സമര്‍പ്പിക്കും. ബാംഗ്ലൂരിലേതുള്‍പ്പെടെ 12 കേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാനപ്പെട്ട കേസുകളെല്ലാം കാപ്പ ചുമത്തുന്നതിന് അനുമതിതേടി കളക്ടര്‍ക്കു സമര്‍പ്പിക്കുന്ന ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂരില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസും ഇതില്‍ ഉള്‍പ്പെടുന്നു. ആളെ വണ്ടിയിടിപ്പിക്കുകയും ചോദ്യംചെയ്തപ്പോള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ട്. വീടുകയറി ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ ഇതിനുപുറമെയാണ്.

പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ച കേസ് വിചാരണയിലാണ്. വനിതാ എസ്.ഐ.യെ കാറില്‍ പൂട്ടിയിട്ട കേസും ഇങ്ങനെതന്നെ. ഇതുരണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ എസ്.ഐ. യെ പൂട്ടിയിട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അവഹേളിച്ചു എന്നതാണ് കാപ്പക്ക് സഹായമാകുക.

രണ്ടുവര്‍ഷം മുമ്പുതന്നെ കാപ്പ ചുമത്താനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും കേസുകള്‍ പലതും ഒത്തുതീര്‍ത്ത് നിഷാം ഈ നീക്കം അട്ടിമറിക്കുകയായിരുന്നു. എന്നാല്‍, പുതിയ ഹൈക്കോടതി വിധിയനുസരിച്ച് ഒത്തുതീര്‍ന്ന കേസുകളും കാപ്പയ്ക്കായി പരിഗണിക്കാനാകും.
കാപ്പയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും വേണം. അല്ലെങ്കില്‍ ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ടുകേസുകള്‍ വേണം. അതുമല്ലെങ്കില്‍ വിചാരണയിലുള്ള മൂന്ന് കേസുകളുണ്ടാവണം. ഇതിനുപുറമെയാണ് ഒത്തുതീര്‍ന്ന കേസുകള്‍ പരിഗണിക്കുക.

2013 എപ്രില്‍ 26നാണ് കാപ്പ ചുമത്തുന്നതിന്റെ ആദ്യപടിയായി നിഷാമിന്റെ പേരില്‍ ഗുണ്ടാ ഹിസ്റ്ററി ഫയല്‍ പേരാമംഗലം സ്റ്റേഷനില്‍ തുറന്നത്. 2013 ജൂണില്‍ നല്ലനടപ്പിനായി ആര്‍.ഡി.ഒ. 107- ാം വകുപ്പുപ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇതു മണത്തറിഞ്ഞ നിഷാം ഇത്തരം നടപടികള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതോടെയാണ് പോലീസിന് ഈ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത്.

 

 




MathrubhumiMatrimonial