Crime News

നിഷാമിന്റെ ഭാര്യ പ്രതിയാകില്ല

Posted on: 02 Mar 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലപാതക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യ അമല്‍ കേസില്‍ പ്രതിയാകാനിടയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവരെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കാനുള്ള സാധ്യതയും ഇല്ലെന്നാണ് അറിയുന്നത്.

ചന്ദ്രബോസിനെ വണ്ടിയിടിപ്പിച്ചതും ആദ്യഘട്ടത്തില്‍ മര്‍ദ്ദിച്ചതും താന്‍ കണ്ടില്ലെന്നാണ് അമല്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ചന്ദ്രബോസിനെ മര്‍ദ്ദിക്കാന്‍ അമല്‍ കൂട്ടുനിന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടില്ല. നിഷാം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു കാറില്‍ തോക്കുമായി എത്തി എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. തോക്കു കൊണ്ടുവരാന്‍ നിഷാം ഭാര്യയോട് പറഞ്ഞത് പലരും കേട്ടെങ്കിലും തോക്ക് ആരും കണ്ടിട്ടില്ല.

തുടര്‍ന്നുള്ള പരിശോധനയില്‍ ഇതു കണ്ടെത്തിയിട്ടുമില്ല. കാര്‍ പോര്‍ച്ചില്‍വച്ചും നിഷാം ചന്ദ്രബോസിനെ മര്‍ദ്ദിച്ചുവെന്നും ഇതു തടഞ്ഞില്ലെന്നുമാണ് ഒരു ആരോപണം. സെക്യൂരിറ്റി ജീവനക്കാരും മറ്റു ഫ്‌ലാറ്റുകളിലെ താമസക്കാരുമായി നിരവധി പേര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഇയാളെ തടയാന്‍ സാധിച്ചിരുന്നില്ല.

കേസില്‍ പ്രതിയായില്ലെങ്കില്‍ മാപ്പുസാക്ഷിയാക്കാനും സാധിക്കില്ല. സംഭവങ്ങള്‍ ഭാഗികമായിട്ടാണെങ്കിലും നേരിട്ടുകണ്ട ഒരാള്‍ എന്നനിലയില്‍ സാക്ഷിയാക്കാനുള്ള സാധ്യതയാണുണ്ടായിരുന്നത്. എന്നാല്‍, ഇവര്‍ മൊഴിമാറ്റുമോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവം പൂര്‍ണ്ണമായിത്തന്നെ കണ്ടവര്‍ സാക്ഷികളായുണ്ട് എന്നതും ഇവരെ ഒഴിവാക്കാന്‍ കാരണമായേക്കും.

പ്രോസിക്യൂഷന്‍ പ്രതിയായോ മാപ്പുസാക്ഷിയായോ സാക്ഷിയായോ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ പിന്നെയുള്ള സാധ്യത പ്രതിഭാഗം സാക്ഷിയാകുകയെന്നതാണ്.

 

 




MathrubhumiMatrimonial