
'ചൂടന്‍ യോഗ' ആചാര്യനെതിരെ അമേരിക്കയില്‍ ആറ് ബലാല്‍സംഗക്കേസ്
Posted on: 28 Feb 2015
ലോസ് ആഞ്ജലിസ് : അമേരിക്കയിലെ ഇന്ത്യക്കാരനായ പ്രമുഖ യോഗാചാര്യന്‍ ബിക്രം ചൗധരിക്കെതിരെ ബലാല്‍സംഗക്കേസ്. ചൂടുമുറികളില്‍ ചെയ്യുന്ന യോഗക്രമം രൂപപ്പെടുത്തിയ 69-കാരനായ ചൗധരിക്കെതിരെ ഇന്ത്യയടക്കം വിവിധസ്ഥലങ്ങളില്‍ മാനഭംഗവും ലൈംഗികപീഡനവും നടത്തിയതിന് ആറ് സ്ത്രീകളാണ് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ബിക്രംസ് യോഗ കോളേജ് ഓഫ് ഇന്ത്യയുടെ സ്ഥാപകനാണ് കൊല്‍ക്കത്തക്കാരനായ ചൗധരി. 40 ഡിഗ്രി ചൂടുള്ള അന്തരീക്ഷത്തില്‍ വെച്ച് ചെയ്യുന്ന 26 യോഗനിലകള്‍ അടങ്ങിയ 'ചൂടന്‍ യോഗ' രൂപപ്പെടുത്തിയാണ് ബിക്രം ചൗധരി പ്രശസ്തനായത്.
ജില്‍ ലോളര്‍ എന്ന കനേഡിയന്‍ യുവതി ലോസ് ആഞ്ജലിസ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തതാണ് ആറ് കേസുകളില്‍ ഒടുവിലത്തേത്. ബിക്രം ചൗധരിയുടെ യോഗയെ ഏറെ ഇഷ്ടപ്പെടുന്ന താന്‍ കോളേജ് നിധിയില്‍ നിന്ന് 1000 ഡോളര്‍ കടമെടുത്താണ് ഒമ്പത് ആഴ്ച നീളുന്ന യോഗ പരിശീലനത്തിന് ചേര്‍ന്നതെന്ന് ലോളര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, 2010 ഏപ്രിലില്‍ ക്ലാസ് തുടങ്ങിയതുമുതല്‍ ലൈംഗിക പീഡനവും ആരംഭിച്ചതായും ഇത് വര്‍ഷങ്ങളോളം തുടര്‍ന്നതായും അവര്‍ ആരോപിച്ചു. 2013-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ചൗധരി തന്നെ ബലാത്സംഗം ചെയ്തതായി ലോളര്‍ ചൂണ്ടിക്കാട്ടി. പരാതിപ്പെട്ടാല്‍ തന്നെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയോ ആക്രമിക്കുകയോ ചെയ്താലോ എന്ന് ഭയന്നാണ് ഇതുവരെ സംഭവം രഹസ്യമാക്കിവെച്ചതെന്ന് അവര്‍ വ്യക്തമാക്കി.
ലാരിസ ആന്‍ഡേഴ്‌സണ്‍ എന്ന മറ്റൊരു യുവതി നല്‍കിയ പരാതിയില്‍ 2006-ല്‍ ലോസ് ആഞ്ജലിസിലെ ചൗധരിയുടെ വീട്ടില്‍ അവരെ ബലാത്സംഗം ചെയ്തതായാണ് ആരോപിക്കുന്നത്. ചൗധരിയുടെ ഭാര്യയും കുട്ടികളും മുകളിലത്തെ നിലയില്‍ ഉണ്ടായിരിക്കെയാണ് അവരെ പീഡിപ്പിച്ചത്.
എന്നാല്‍, ആരോപണം നിഷേധിച്ച ചൗധരിയുടെ അഭിഭാഷകര്‍ ലോളറുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി. വര്‍ഷങ്ങളായി ഇത്തരമൊരു പരാതി നല്‍കാതിരുന്ന അവര്‍ ഇപ്പോള്‍ രംഗത്ത് വന്നത് പണം തട്ടാനാണെന്നും പ്രസ്താവനയില്‍ അഭിഭാഷകന്‍ ആരോപിച്ചു. ചില സമാനതകളുണ്ടെങ്കിലും ഓരോ സ്ത്രീയുടെ പരാതിയും വ്യത്യസ്തമാണെന്ന് ലോളറുടെ അഭിഭാഷകയായ മേരി ഷീ പറഞ്ഞു.





