Crime News

കൊക്കെയ്ന്‍ കേസ്: വീണ്ടും തിരിച്ചടി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതിയില്ല

Posted on: 01 Mar 2015



കൊച്ചി:
വിവാദമായ കൊക്കെയ്ന്‍ കേസില്‍ കോടതിയില്‍ നിന്ന് പോലീസിന് വീണ്ടും തിരിച്ചടി. കൊക്കെയ്ന്‍ ഉപയോഗം സ്ഥിരീകരിക്കാന്‍ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ രേഷ്മ രംഗസ്വാമി, സഹ സംവിധായക ബ്ലൂസി സില്‍വസ്റ്റര്‍, സിനിമാ താരം ഷൈന്‍ ടോം, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരുടെ രക്തം ഡി.എന്‍.എ. പരിശോധനയ്ക്കായി വീണ്ടും ശേഖരിക്കണമെന്ന അപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് തള്ളിയത്.

പ്രതികള്‍ താമസിച്ചിരുന്ന ഫ്ലൂറ്റില്‍ നിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റികളില്‍ ഒന്നില്‍ പോലും കൊെക്കയ്‌ന്റെ അംശമുള്ളതായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവര്‍ കൊെക്കയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി നടത്തിയ രാസ പരിശോധനാ റിപ്പോര്‍ട്ടും പ്രോസിക്യൂഷന് എതിരാണ്.

പ്രതികള്‍ കൊെക്കയ്ന്‍ ഉപയോഗിച്ചുവെന്നതിന് തെളിവില്ലാത്തതിനാലും സിഗരറ്റ് കുറ്റികളില്‍ കൊക്കെയ്ന്‍ ഉള്ളതായി ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ഡി.എന്‍.എ. പരിശോധനയ്ക്കുള്ള പോലീസിന്റെ അപേക്ഷ അനുവദിക്കാനാവില്ലെന്ന്് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ ദിവസമാണ് ഡി.എന്‍.എ. പരിശോധന അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. നേരത്തേ പ്രതികളില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കൊെക്കയ്‌ന്റെ അംശം കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്.

ഇതോടെ പ്രതികളുടെ കൊക്കെയ്ന്‍ ഉപയോഗം തെളിയിക്കാനുള്ള പോലീസിന്റെ ശ്രമം പ്രതിസന്ധിയിലായിരിക്കുകയാണ്. ഡല്‍ഹിയിലെ രക്തപരിശോധന കൂടി പരാജയപ്പെട്ടാല്‍ പോലീസിന് വന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരും. അതേ സമയം രേഷ്മയില്‍ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ന്‍ തന്നെയാണെന്ന് ആദ്യ ദിവസം തന്നെ എക്‌സൈസിനെ കൊണ്ട് പോലീസ് തെളിയിച്ചിരുന്നു.

 

 




MathrubhumiMatrimonial