Crime News

മയക്കുമരുന്ന് കടത്ത്: പ്രതികള്‍ക്ക് 20 വര്‍ഷംവരെ കഠിന തടവും പിഴയും ശിക്ഷ

Posted on: 01 Mar 2015


മാവേലിക്കര : മയക്കുമരുന്ന് കൈവശംവെച്ച് കടത്തിക്കൊണ്ടുവന്ന കേസ്സില്‍ ഒന്നുമുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും അഞ്ചാംപ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
ഒന്നുമുതല്‍ നാലുവരെ പ്രതികളായ ആലപ്പുഴ പള്ളിപ്പറമ്പില്‍ ചാത്തനാട്ട് വര്‍ഗീസ് (ടോണി 24), കളരിക്കല്‍ മനോജ് (കുട്ടന്‍ 34), വല്ലന്‍ചിറയില്‍ ബൈജു (24), തോപ്പില്‍ രാഹുല്‍ (21) എന്നിവരെയാണ് 20 വര്‍ഷം കഠിനതടവിന് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെ.കെ.സുജാത ശിക്ഷിച്ചത്. മയക്കുമരുന്ന് കൈവശം വെക്കുക, കടത്തിക്കൊണ്ടുവരിക എന്നീ കുറ്റങ്ങള്‍ക്ക് 10 വര്‍ഷം വീതം ആകെ 20 വര്‍ഷം കഠിനതടവും ഓരോലക്ഷം വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അഞ്ചാം പ്രതി കൊമ്മാടി പുതുവല്‍ വീട്ടില്‍ ജിനുവിന് (30) മയക്കുമരുന്ന് കൈവശം വെച്ചതിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പ്രതികള്‍ ശിക്ഷ ഒന്നിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2012 ജൂലായ് 19 നാണ് കേസ്സിനാസ്പദമായ സംഭവം. മാരക മയക്കുമരുന്നായ 'ബ്യൂപ്രിനോര്‍ഫിന്റെ' 76 ആംപ്യൂളുകള്‍ കടത്തിക്കൊണ്ടുവന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.അരുണ്‍, ആനന്ദരാജ്, അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലൂക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്.രമണന്‍ പിള്ള ഹാജരായി.

 

 




MathrubhumiMatrimonial