Crime News

തെക്കന്‍ ഡല്‍ഹിയില്‍ സിക്കിം സ്വദേശിനി ബലാത്സംഗത്തിനിരയായി; എയിംസ് ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Posted on: 28 Feb 2015


ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന വ്യാജേന എത്തിച്ച സിക്കിം സ്വദേശിനിയെ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ എയിംസ് ആസ്പത്രിയിലെ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. എയിംസ് ന്യൂറോസയന്‍സ് വിഭാഗത്തിലെ െമഹര്‍ തേസ്(27) എന്ന ഡോക്ടറാണ് അറസ്റ്റിലായത്. ഇദ്ദേഹം ഹൈദരാബാദ് സ്വദേശിയാണ്. രണ്ടുമാസത്തിനുശേഷം വിവാഹിതനാകാനിരിക്കുകയായിരുന്നു. മനുഷ്യക്കടത്ത് സംഘത്തില്‍പെട്ട സുമന്‍(37), ഭര്‍ത്താവ് ദീപക്(40), ധരംവീര്‍(32), കമല്‍(31) എന്നിവരാണ് ഒപ്പം അറസ്റ്റുചെയ്യപ്പെട്ടത്.

ഒരാഴ്ച മുമ്പാണ് ജോലി വാഗ്ദാനംചെയ്ത് സിക്കിമില്‍നിന്ന് 25-കാരിയെ ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി എയിംസ് ആസ്പത്രിക്ക് സമീപം ഗൗതംനഗറിലുള്ള ഡോക്ടറുടെ വാടകവീട്ടിലെത്തിച്ചു. സംഘത്തിലുള്ളവര്‍ സ്ഥലംവിടുകയും ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് സുമന്‍ ആണ് യുവതിയെ ഡല്‍ഹിയിലെത്തിച്ചത്. പിന്നീട് പെണ്‍വാണിഭത്തിന് വിധേയമാക്കാന്‍ ശ്രമിച്ചു.

രണ്ടുമാസമായി ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് യുവതികളെ കൊണ്ടുവരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കൊണ്ടുവരുന്ന സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് പലയിടത്തും എത്തിക്കുന്നത്.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിച്ച സിക്കിം സ്വദേശിനിയെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് ആദ്യം താമസിപ്പിച്ചത്. പിന്നീട് തെക്കന്‍ ഡല്‍ഹിയിലേക്ക് മാറ്റി. യുവതിയെ ഇതിനിടെ പലര്‍ക്കും കാഴ്ചവെച്ചു. വ്യാഴാഴ്ചയാണ് ഒറ്റരാത്രിക്കായി ജൂനിയര്‍ ഡോക്ടറുടെ അടുത്തെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

ഗൗതം നഗര്‍ മേഖലയില്‍ യുവതി കരയുന്നത് ശ്രദ്ധയില്‍പെട്ട ഓട്ടോഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് താന്‍ ബലാത്സംഗത്തിനിരയായതായി യുവതി പോലീസിനെ അറിയിച്ചു. രാജസ്ഥാന്‍ ഗൂര്‍ഖ റെജിമെന്റിലെ ജവാനാണ് യുവതിയുടെ ഭര്‍ത്താവ്.

 

 




MathrubhumiMatrimonial