Crime News

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ ലഹരി ഉപയോഗിച്ചതിന് പ്രാഥമിക രക്തപരിശോധനയില്‍ തെളിവില്ല

Posted on: 27 Feb 2015


വിദഗ്ദ്ധപരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ ഡല്‍ഹിക്ക് അയയ്ക്കും

കൊച്ചി: കൊക്കെയ്‌നുമായി സിനിമാതാരം ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പ്രാഥമിക രക്ത പരിശോധനാ ഫലം. കാക്കനാടുള്ള റീജണല്‍ കെമിക്കല്‍ ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന് കണ്ടെത്തിയത്. പ്രതികളുടെ രക്തപരിശോധനാ റിപ്പോര്‍ട്ട് ലാബ് അധികൃതര്‍ ജില്ലാ സെഷന്‍സ് കോടതിക്കും പോലീസിനും കൈമാറി.

അതേസമയം, കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ ഈ പരിശോധന കൊണ്ട് മാത്രമാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. പ്രതികള്‍ പിടിയിലായ ഉടന്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാവുന്ന പരിശോധന എന്ന നിലയിലാണ് കാക്കനാട്ടെ ലാബില്‍ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചത്.

കൊക്കെയ്ന്‍ ശരീരത്തിലെത്തിയാല്‍ എഗോണൈന്‍ എന്ന രൂപത്തിലേക്ക് മാറുമെന്നും ഇത് കണ്ടെത്താന്‍ എച്ച്.പി.എല്‍.സി. വിദഗ്ദ്ധ പരിശോധന വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്തസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലബോട്ടറിയിലേക്ക് അയയ്ക്കാനാണ് പോലീസിന്റെ നീക്കം. പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ലഭ്യമാക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കുമായി അന്വേഷണ സംഘം സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച അപേക്ഷ നല്‍കിയിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബി നല്‍കിയ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

 

 




MathrubhumiMatrimonial