
നിഷാമുമായുള്ള കൂടിക്കാഴ്ച: ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍
Posted on: 27 Feb 2015
തിരുവനന്തപുരം: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ രഹസ്യമായി ചോദ്യംചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട എസ്.പി.യാണ് ജേക്കബ് ജോബ് ഇപ്പോള്‍. ചോദ്യം ചെയ്തതില്‍ ചട്ടലംഘനം നടത്തിയെന്ന ഐ.ജി. ടി.ജെ.ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.റിപ്പോര്‍ട്ട് പരിഗണിച്ച ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യന്‍ നടപടിക്ക് ശുപാര്‍ശചെയ്ത് ആഭ്യന്തര വകുപ്പിന് കൈമാറി. ഇതേത്തുടര്‍ന്നാണ് ജേക്കബ് ജോബിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. കേസിലെ പ്രതിയായ മുഹമ്മദ് നിഷാമിനെ ജേക്കബ് ജോബ് തനിച്ച് ചോദ്യംചെയ്തത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ടി.ജെ. ജോസ് എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നിഷാമുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ജേക്കബ് ജോബ് ശ്രമിച്ചുവെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് എ.ഡി.ജി.പി. അന്വേഷണത്തിന് ഉത്തരവിട്ടത്. ഒത്തുതീര്‍പ്പ് ആരോപണം ശരിയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ലാതെ ചോദ്യം ചെയ്തത് ശരിയായില്ല. ഇത്തരമൊരു സുപ്രധാന കേസില്‍, അന്വേഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ജേക്കബ് ജോബ് ശ്രദ്ധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
നിഷാമിനെ കേസില്‍നിന്ന് രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഷാമുമായി സംസാരിച്ചതെന്നായിരുന്നു ജേക്കബ് ജോബ് ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഒരുതരത്തിലുള്ള അന്വേഷണത്തിനും ജേക്കബ് ജോബിനെ ചുമതലപ്പെടുത്തിയില്ലെന്നും ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. നിഷാമിന് പോലീസിലെ ഉന്നതരില്‍നിന്ന് സംരക്ഷണം ലഭിക്കുന്നെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഐ.ജി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിഷാമിന് ജേക്കബ് ജോബ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.





