Crime News

നിഷാമിന്റെ ഓഫീസില്‍ പരിശോധന

Posted on: 27 Feb 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ ഓഫീസില്‍ വാണിജ്യനികുതിവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. നിഷാമിന്റെ നിര്‍മ്മാണപദ്ധതികള്‍ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ പരിശോധനയിലൂടെയേ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ.
നിഷാം നികുതികള്‍ അടയ്ക്കുന്നുണ്ട്. എന്നാല്‍ ഇതു കൃത്യമാണോ എന്നു പരിശോധിക്കേണ്ടതുണ്ടെന്ന് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്‍. പത്മനാഭന്‍ അറിയിച്ചു. നിഷാമിന്റെ ഓഫീസില്‍ നടക്കുന്ന പരിശോധന പകര്‍ത്താന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടി.വി. കാമറമാന്‍ ഷഹീറിനെ ജീവനക്കാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തെയും കാമറയെയും പിടിച്ചു തള്ളുകയായിരുന്നു.
കെട്ടിടനിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നിഷാമിന്റെ ഓഫീസിലും ഇവര്‍ പരിശോധന നടത്തിയത്. ജില്ലയിലെ മറ്റു മൂന്നു ബില്‍ഡേഴ്‌സ് ഓഫീസുകളിലും പരിശോധന നടന്നു. ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍മാരായ ടി.ജെ. സൈമണ്‍, തോമസ് ജേക്കബ്, എന്‍.വി. സുരേഷ്, അഗസ്റ്റികുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial