Crime News

യുവതിയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തു

Posted on: 27 Feb 2015


ശ്രീകണ്ഠപുരം (കണ്ണൂര്‍): ഭാര്യയെ കഴുത്തുഞെരിച്ചും വെട്ടിയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. ചെമ്പന്തൊട്ടി കോറങ്ങോട്ടെ മുരങ്ങനാട്ട് പാറയില്‍ എം.എന്‍.ബാബു (40) ആണ് ഭാര്യ ബീനയെ (35) കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ഇവര്‍ക്ക് മൂന്നുകുട്ടികളുണ്ട്.
കോറങ്ങോട്ടെ കരിങ്കല്‍ ക്വാറിയില്‍ തൊഴിലാളിയാണ് ബാബു. ക്വാറി പ്രവര്‍ത്തിക്കാത്തതിനാല്‍ കുറച്ചുദിവസമായി പണിയുണ്ടായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കയറ്റിവിട്ട് ബീന വീട്ടിലെത്തിയശേഷമാണ് കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ബാബു അനുജന്‍ രാജുവിനെ ഫോണില്‍വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയതായും താന്‍ തൂങ്ങിമരിക്കാന്‍ പോവുകയാണെന്നും അറിയിച്ചു. ചേപ്പറമ്പില്‍നിന്ന് രാജു എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. അടുക്കളവാതില്‍ പൊളിച്ചാണ് അനുജനും അയല്ക്കാരും വീട്ടിനുള്ളില്‍ കടന്നത്.
ശ്രീകണ്ഠപുരം സി.ഐ. കെ.എ.ബോസ്, എസ്.ഐ. സി.എച്ച്.ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
ചെമ്പന്‍തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ രാഹുല്‍, ചെറുപുഷ്പം യു.പി. സ്‌കൂളില്‍ ആറാംതരം വിദ്യാര്‍ഥി ഗോകുല്‍, ഇതേ സ്‌കൂളില്‍ ഒന്നാംതരം വിദ്യാര്‍ഥിനി ഗോപിക എന്നിവര്‍ മക്കളാണ്. പരേതനായ നാരായണന്റെയും തങ്കമ്മയുടെയും മകനാണ് ബാബു. ബീന പന്നിയൂരിലെ എരുമശ്ശേരി രാജുവിന്റെയും രുക്മിണിയുടെയും മകളാണ്. സഹോദരി: സിന്ധു.

 

 




MathrubhumiMatrimonial