Crime News

പറവൂര്‍ പീഡനം: രണ്ട് കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവിന് 10 വര്‍ഷം തടവ്‌

Posted on: 27 Feb 2015


തെളിവില്ലാത്തതിനാല്‍ മാതാവിനെ വെറുതെ വിട്ടു


കൊച്ചി:
പ്രായപൂര്‍ത്തിയാവാത്ത പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ പിതാവിന് രണ്ട് കേസുകളിലായി 10 വര്‍ഷം തടവ്. മറ്റ് ഏഴ് പ്രതികളില്‍ രണ്ടുപേര്‍ക്ക് ഏഴ് വര്‍ഷം വീതവും ബാക്കിയുള്ളവര്‍ക്ക് അഞ്ച് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.ജി. അജിത് കുമാറാണ് വിധി പ്രസ്താവിച്ചത്. രണ്ട് കേസുകളിലും രണ്ടാം പ്രതിയായിരുന്ന പെണ്‍കുട്ടിയുടെ മാതാവിനെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു.
പെണ്‍കുട്ടിയെ എറണാകുളം പനമ്പിള്ളി നഗറിലെ ഒരു ഹോട്ടലില്‍ വെച്ചും ടാറ്റാപുരത്തെ ഫ്ലൂറ്റില്‍ വെച്ചും പീഡിപ്പിച്ചതാണ് ആദ്യ കേസ്. തൊടുപുഴ മുട്ടത്ത് ഒരു പ്രതിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. ഇതില്‍ ആദ്യ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികളായിരുന്നു. 2010 ഏപ്രില്‍ മൂന്നിന് ഇടനിലക്കാരനായ ജോസ് മുഖാന്തിരം തൊടുപുഴ മുട്ടം ഇഞ്ചനാട്ടില്‍ ബെന്നി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. ബെന്നിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം. തട്ടിക്കൊണ്ടുപോകല്‍, പെണ്‍കുട്ടിയെ വില്പന നടത്തല്‍, ബലാത്സംഗത്തിന് പ്രേരിപ്പിക്കല്‍, ജുവനൈല്‍ ജസ്റ്റിസ് പ്രകാരം കുട്ടിക്ക് സംരക്ഷണം നല്‍കാതിരിക്കല്‍ എന്നീ കേസുകളിലായി പെണ്‍കുട്ടിയുടെ പിതാവ് ഒന്നാം പ്രതി സുധീറിന് രണ്ട് കേസുകളിലായി 26 വര്‍ഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി.
രണ്ടാം പ്രതി പെണ്‍കുട്ടിയുടെ അമ്മ, മൂന്നാം പ്രതി പെരുമ്പാവൂര്‍ സ്വദേശി ഖദീജ എന്നിവരെ വെറുതെ വിട്ടു. നാലാം പ്രതി മട്ടാഞ്ചേരി കുന്നപ്പളളി മേരി ഡെയ്‌സി എന്ന ബിന്ദുവിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആറാം പ്രതി കട്ടപ്പന ഇലവന്തിക്കല്‍ മനോജ് ഗോപിക്ക് ഏഴ് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹം നല്‍കിയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മേരിയും ജോസും ഇടനിലക്കാരായി നില്‍ക്കുകയും മനോജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. രണ്ട് കേസുകളിലും പ്രതിയായ തൃക്കാക്കര പുളിമുകള്‍ പുതുപ്പറമ്പ് ജോസിന് 5 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
മുട്ടം പീഡനക്കേസില്‍ നാലാം പ്രതി ബെന്നിക്ക് ഏഴ് വര്‍ഷം തടവുണ്ട്. 75,000 രൂപ പിഴയും അടയ്ക്കണം. കേസില്‍ എസ്.പി. ഉണ്ണിരാജ, ഡിവൈ.എസ്.പി. ബിജു അലക്‌സാണ്ടര്‍ എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി.പി. മോഹന്‍ മേനോന്‍, അഡ്വ. പി.എ. അയൂബ് ഖാന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. പീഡനത്തിനായി പെണ്‍കുട്ടിയുമായി നടത്തിയ ഓരോ യാത്രയും ഓരോ കേസായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് മൊത്തം 10 കേസുകളില്‍ ശിക്ഷിച്ചിട്ടുണ്ട്. എല്ലാത്തിലും ഒന്നാം പ്രതി സുധീറാണ്. ഇനി 42 കേസുകള്‍ കൂടി വിചാരണ നടക്കാനുണ്ട്. സുധീര്‍ ഇപ്പോള്‍ തന്നെ രണ്ട് ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

 

 




MathrubhumiMatrimonial