
ബോഡോ തീവ്രവാദികള്‍ കൊല്ലം ജയിലില്‍; അസമിലേക്ക് മടക്കം ഇന്ന്
Posted on: 25 Feb 2015

കൊല്ലം: പിടിയിലായ രണ്ട് ബോഡോലാന്‍ഡ് തീവ്രവാദികളെ കൊല്ലം സിറ്റി പോലീസ് ചൊവ്വാഴ്ച കൈമാറിയെങ്കിലും അസം പോലീസിന് കൊണ്ടുപോകാനായില്ല. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലൂസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇവരെ ഒരുദിവസത്തേക്ക് ജില്ലാ ജയിലിലാക്കി. മടക്കയാത്രയ്ക്ക് അനുമതിയായെങ്കിലും തീവണ്ടി ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് യാത്ര ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കൊല്ലം സിറ്റി പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് കൊല്ലത്തിനടുത്ത് ഡീസന്റ് മുക്കിലെ കശുവണ്ടി ഫാക്ടറിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത റിജിന ബസുമിത്രി, ഒപ്പമുണ്ടായിരുന്ന സ്വരംഗ് റാംജറെ എന്നിവരെയാണ് അസം പോലീസിന് കൈമാറിയത്.
റിജിനയുടെ തീവ്രവാദബന്ധം നേരത്തേ സ്ഥിരീകരിച്ചിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന സ്വരംഗിന്റേത് വ്യക്തമായിരുന്നില്ല. അസം പോലീസ് എത്തിയതോടെയാണ ് രണ്ടാമനും നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന നിരോധിത തീവ്രവാദി സംഘത്തില്‍പ്പെട്ടയാളാണെന്ന് ഉറപ്പിച്ചത്. കൊല്ലത്തെത്തിയ അസം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്നായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.
തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സമാഹരിക്കാന്‍ തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി ലക്ഷക്കണക്കിന് രൂപ ആവശ്യപ്പട്ടെന്ന ബത്സാഥ്് ജില്ലയിലുള്ള സിംല പോലീസ് സ്റ്റേഷനിലെ കേസിന്റെ വിശദാംശങ്ങളുമായാണ് ഇന്‍സ്‌പെക്ടര്‍ പരേഷ് ബോറോ, കോണ്‍സ്റ്റബിള്‍ മാരായ രത്തം കാലിത, മസമ്മില്‍ അലി, മോഹിത് ബോറോ എന്നിവര്‍ എത്തിയത്. ബഹ്ബന്‍ റേ എന്ന തോട്ടം ഉടമയാണ് പരാതിക്കാരന്‍. എന്നാല്‍ ബത്സാഥ്് ജില്ലയില്‍ത്തന്നെയുള്ള ഗോവര്‍ധന, ലക്കിംപൂര്‍ ജില്ലയിലെ ദഹംജി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നടന്ന രണ്ട് കൂട്ടക്കൊലകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. രണ്ടിടത്തുമായി 140 പേരെയാണ് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത്. ഇതുസംബന്ധിച്ച അന്വേഷണം തുടരും. നിരോധിത സംഘടനയ്ക്കുവേണ്ടി നികുതിയുടെപേരില്‍ പണം സമാഹരിച്ചെന്നതുമാത്രമാണ് ഇപ്പോള്‍ ഇരുവരുടെയും പേരിലുള്ള കുറ്റമെങ്കിലും സൈനിക ഇന്റലിജന്‍സ് അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ പ്രധാന കുറ്റവാളികളുടെ പട്ടികയിലാണ് ബസുമിത്രിയും സ്വരംഗും.
ഇന്റലിജന്‍സിന്റെയും മറ്റും ലിസ്റ്റില്‍ ബസുമിത്രി ബി-റോങ് എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ 18 മുതല്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. രാവിലെ എസ്.ഐ. അജിത്കുമാറിന്റെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍ മുമ്പാകെ തീവ്രവാദികളെ എത്തിച്ചു. എ.സി.പി.മാരായ കെ.ലാല്‍ജി, റെക്‌സ് ബോബി അര്‍വിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതും കനത്ത സുരക്ഷയില്‍ കോടതിയിലേക്കയച്ചതും. ഡീസന്റ് മുക്കില്‍ തീവ്രവാദികള്‍ പിടിയിലായ ഫാക്ടറിയില്‍ നിരവധി അസംകാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണെന്ന് കമ്മീഷണറും സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി.യും പറഞ്ഞു. ദീര്‍ഘനാള്‍ കൊച്ചിയിലും പിന്നീട് വള്ളികുന്നത്തും ജോലി ചെയ്തശേഷമാണ് ബസുമിത്രിയും കൂട്ടാളിയും കൊല്ലത്ത് വന്നത്.





