
ദൈവദാസി റാണി മരിയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം
Posted on: 25 Feb 2015
ജിജോ സിറിയക്

ഇന്‍ഡോര്‍: മലയാളിയായ കന്യാസ്ത്രീ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടിട്ട് ബുധനാഴ്ച 20 വര്‍ഷം തികയുന്നു. ഇന്‍ഡോറിനു സമീപം നോച്ചന്‍ബോര്‍ മലനിരയില്‍ ബസ് യാത്രയ്ക്കിടെ 1995 ഫിബ്രവരി 25നാണ് റാണി അക്രമിയുടെ കത്തിക്കിരയായത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍ റാണി മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി ദൈവദാസിയായി ഉയര്‍ത്തിയിട്ടുണ്ട്. സിസ്റ്റര്‍ അംഗമായിരുന്ന എഫ്.സി.സി. സംന്യാസിനി സഭയും ഇന്‍ഡോര്‍ രൂപതയും ചേര്‍ന്ന് സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തിന്റെ ഇരുപതാം വാര്‍ഷികം വിപുലമായി അചരിക്കുന്നുണ്ട്.പുല്ലുവഴി പരേതനായ വട്ടാലി പൈലിയുടെയും ഏലീശ്വയുടെയും മകളായ റാണി 41-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. മേരിക്കുഞ്ഞെന്നായിരുന്നു ആദ്യനാമം.
20 വയസ്സില്‍ ആദ്യ വ്രത വാഗ്ദാനം നടത്തിയപ്പോഴാണ് റാണി മരിയ എന്ന പേര് സ്വീകരിച്ചത്.ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ കേട്ടറിഞ്ഞ സിസ്റ്റര്‍ മിഷനറി പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു. ബിജ്നോര്‍,സത്ന രൂപതകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് റാണി ഇന്‍ഡോറിലെത്തിയത്. ദളിതരും ആദിവാസികളുമായവരെ ശക്തിപ്പെടുത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സിസ്റ്റര്‍ ആവിഷ്‌കരിച്ചു. പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാനും അവരെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കാനും സിസ്റ്റര്‍ നടത്തിയ ശ്രമങ്ങള്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണമായി. ഇതിന്റെ തുടര്‍ച്ചയായാണ് ബസ്സിനുള്ളില്‍വെച്ച് സമുന്ദര്‍സിങ്ങ് എന്നയാള്‍ റാണി മരിയയെ കുത്തിക്കൊന്നത്. അന്‍പതിലധികം കുത്തുകളേറ്റാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. ഫിബ്രവരി 27ന് നടന്ന സിസ്റ്ററിന്റെ ചരമശുശ്രൂഷയില്‍ പന്തീരായിരത്തോളും ഗ്രാമീണര്‍ സംബന്ധിച്ചു. പിന്നീട് റാണി കൊല്ലപ്പെട്ട സ്ഥലത്ത് ഒരു സ്മാരകമുയര്‍ന്നു. സിസ്റ്ററിന്റെ പേരില്‍ മഠവും വിദ്യാലയവും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ബോര്‍ഡിങ്ങുമൊക്കെ സ്ഥാപിതമായിട്ടുണ്ട്.സിസ്റ്ററിനെ കൊന്ന സമുന്ദര്‍സിങ് പിന്നീട് മാനസാന്തരപ്പെട്ടു. റാണിയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി സമുന്ദറിന്റെ കൈയില്‍ രാഖികെട്ടി സഹോദരനായി സ്വീകരിച്ചു. പുല്ലുവഴിയിലെത്തിയ സമുന്ദര്‍, റാണിയുടെ മാതാപിതാക്കളെ നേരില്‍കണ്ട് മാപ്പിരക്കുകയും അവര്‍ അയാളെ മകനായി സ്വീകരിക്കുകയും ചെയ്തു.
2005 ജൂണ്‍ 29ന് സിസ്റ്റര്‍ റാണി മരിയയെ ദൈവദാസിയായി പ്രഖ്യാപിച്ചു. രക്തസാക്ഷിയെന്ന നിലയില്‍ വിശുദ്ധ പദവി പ്രഖ്യാപനം അധികം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. റാണി മരിയയുടെ ഘാതകനെ കാണാന്‍ ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കേസുള്ളതിനാല്‍ സമുന്ദറിന് പാസ്പോര്‍ട്ട് ലഭിച്ചില്ല.25ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചരമവാര്‍ഷികാചരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുല്ലുവഴി ഇടവകാംഗങ്ങളും ബന്ധുക്കളുമടങ്ങുന്ന സംഘം ഉദയനഗറിലെത്തിയിട്ടുണ്ട്.





