Crime News

ബെന്നിയെ വധിച്ചത് തങ്ങളല്ലെന്ന് മാവോവാദികള്‍

Posted on: 25 Feb 2015


അഗളി: ചിണ്ടക്കി കുമ്പളമല ഭാഗത്ത് ചോലക്കാട് സ്വദേശി ബെന്നിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള പോലീസിന്റെ സാന്നിധ്യം കുറഞ്ഞതോടെ അട്ടപ്പാടിയില്‍ വീണ്ടും മാവോവാദികള്‍ എത്തി. പുതൂര്‍ പഞ്ചായത്തില്‍പ്പെട്ട അരളിക്കോണം ഊരിലാണ് ഞായറാഴ്ച രാത്രി മാവോവാദികള്‍ എത്തിയത്. നേരത്തേ തുടര്‍ച്ചയായി ഊരുകളിലെത്തിയിരുന്ന മാവോവാദികള്‍ ചിണ്ടക്കിയില്‍ ബെന്നി വെടിയേറ്റുമരിച്ചശേഷം ഊരുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് രാത്രി 9 മണിയോടെ എത്തിയത്. എല്ലാവരും ആയുധധാരികളായിരുന്നെന്ന് ആദിവാസികള്‍ പറഞ്ഞു. നാല് മണിക്കൂറോളം അവിടെ ചെലവഴിച്ച് ഊരുവാസികളോടൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ചു. തിങ്കളാഴ്ചത്തേക്കുള്ള ഭക്ഷണം പൊതികളാക്കി കൊണ്ടുപോയതായും വിവരമുണ്ട്. എട്ട് മാസങ്ങള്‍ക്കുമുമ്പ് ഇവിടത്തെ അങ്കണവാടിയില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ മാവോവാദികള്‍ കടത്തിക്കൊണ്ടുപോയിരുന്നു. അതേ അങ്കണവാടിയോട് ചേര്‍ന്ന ഊരിലാണ് മാവോവാദികള്‍ ഇപ്പോള്‍ എത്തിയത്.

നാല് മണിക്കൂറിലധികം നീണ്ട ആശയവിനിമയത്തിനിടെ ചിണ്ടക്കിയില്‍ ബെന്നിയെ കൊന്നതുമായി ബന്ധപ്പെട്ട സംശയം ഊരുവാസികള്‍ ചോദിച്ചു. ബെന്നിയെ വെടിവെച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്നായിരുന്നത്രേ മാവോവാദികളുടെ മറുപടി.
തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട നിരവധിയാളുകള്‍ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരമൊരു ആക്രമണം മാവോവാദികളില്‍ ആരും ചെയ്യുകയില്ലെന്നും ഇവര്‍ പറഞ്ഞതായാണ് വിവരം.

അട്ടപ്പാടിയിലെ ആരുമെത്താന്‍ സാധ്യതയില്ലാത്ത വനത്തിന്റെ ഉള്‍ഭാഗത്ത് മാവോവാദികളുടെ പേരുപറഞ്ഞ് സായുധരായ കഞ്ചാവുമാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യവിവരമുണ്ട്. മാവോവാദികളെ പിടികൂടുന്നതിനായി വനംവകുപ്പും പോലീസും ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്. അട്ടപ്പാടിയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ മീറ്റിങ്ങും അദാലത്തും നടത്തിയശേഷം എ.ഡി.ജി.പി. ബി. സന്ധ്യ ആനവായ് ഊര് സന്ദര്‍ശിച്ചു. മാവോവാദികളുടെ നിരന്തരസമ്പര്‍ക്കമുള്ള ആനവായ് ഊരിലെ ജനങ്ങള്‍ക്ക് ധൈര്യം പകരുന്നതായിരുന്നു എ.ഡി.ജി.പി.യുടെ സന്ദര്‍ശനം.



Tags:   Mavoist

 

 




MathrubhumiMatrimonial