
കാറിടിച്ചു കൊല്ലാന്‍ ശ്രമം മുമ്പും; നിഷാമിന് ബെംഗളൂരു പോലീസിന്റെ വാറന്റ്
Posted on: 25 Feb 2015
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും സമാനമായ കേസ്. വാഹനംകൊണ്ടിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ബെംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഭാഗമായി വാറന്റ് നല്‍കാന്‍ ഇവര്‍ തിങ്കളാഴ്ച വിയ്യൂര്‍ ജയിലിലെത്തി. ഇതോടെ നിഷാം മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞു. ഏഴു മാസം മുമ്പ് ബെംഗളൂരുവിലെ കബന്‍പാര്‍ക്കില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണിപ്പോള്‍ അറസ്റ്റുവാറന്‍റ് വന്നിരിക്കുന്നത്. സുമന്‍ എന്ന ആളാണ് പരാതിക്കാരന്‍. റോഡിലൂടെ അതിവേഗത്തില്‍ വണ്ടിയോടിച്ചു നിഷാം പോകുമ്പോള്‍ ഇടിച്ചുവെന്നും തുടര്‍ന്ന് തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
ബെംഗളൂരുവില്‍ തെളിവെടുപ്പിനു പോയ തൃശ്ശൂര്‍ ടീം നിഷാമിനെതിരെയുള്ള കേസുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് സുമനെ കാറിടിച്ച കേസും വെളിപ്പെടുന്നത്. ആളെ തിരിച്ചറിഞ്ഞതോടെ ബെംഗളൂരു പോലീസ് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ബെംഗളൂരു പോലീസ് സംഘം വിയ്യൂര്‍ ജയിലിലെത്തിയത്.
Tags: Nisham Case





