Crime News

ഒറ്റപ്പാലം റെയില്‍വേസ്റ്റേഷന് സമീപം തലയോട്ടിയും എല്ലുകളും

Posted on: 25 Feb 2015


ഒറ്റപ്പാലം: റെയില്‍വേസ്റ്റേഷന് സമീപം പള്ളം ശ്മശാനറോഡിനോട് ചേര്‍ന്ന് റെയില്‍വേ ട്രാക്കിനരികില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകള്‍ കത്തിയതോടെ ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളിലെ കുട്ടികളാണ് സംഭവം കണ്ടത്. തീവണ്ടിയില്‍നിന്ന് വീണ് മരിച്ചവരുടെ മൃതദേഹമാകാമെന്ന് പോലീസ് സംശയിക്കുന്നു. തലയോട്ടിയും കൈകാലുകളും നട്ടെല്ലും നെഞ്ചിന്‍കൂടുമെല്ലാമുണ്ടെന്ന് പരിശോധിച്ച പോലീസ് പറഞ്ഞു.

വലിയ കുറ്റിക്കാടുണ്ടായിരുന്ന പ്രദേശത്താണ് എല്ലുകള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തെ പുല്ലുകളും കാടുകളും രണ്ട് ദിവസം മുമ്പ് റെയില്‍വേ ജീവനക്കാര്‍ കത്തിച്ചിരുന്നു. ഇതോടെയാണ് എല്ലുകള്‍ പ്രത്യക്ഷമായത്. പുല്ലുകള്‍ കത്തിച്ചപ്പോള്‍ എല്ലുകളും കത്തിയിട്ടുണ്ട്. എല്ലുകള്‍ക്കൊപ്പം കണ്ട ബനിയനും പാന്റ്‌സും കത്തിയ നിലയിലാണ്. മാസങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്തുനിന്ന് വലിയ ദുര്‍ഗന്ധം വമിച്ചിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. പുല്ല് നിറഞ്ഞുനിന്നിരുന്നതിനാല്‍ ദുര്‍ഗന്ധം വരുന്നതെവിടെനിന്നാണെന്ന് അറിഞ്ഞിരുന്നില്ല.

ഒറ്റപ്പാലം എസ്.ഐ. കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ തലയോട്ടിയും എല്ലുകളും പോലീസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ശാസ്ത്രീയമായ പരിശോധനകള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂയെന്ന് എസ്.ഐ. പറഞ്ഞു. പരിശോധനയ്ക്കുശേഷം എല്ലുകള്‍ സ്ഥലത്തുനിന്ന് മാറ്റും. നഗരസഭാചെയര്‍പേഴ്‌സണ്‍ പി. സുബൈദയും സ്ഥലത്തെത്തിയിരുന്നു.

 

 




MathrubhumiMatrimonial