
കൊലപാതകത്തില്‍ പങ്കില്ലെന്നു നിഷാമിന്റെ ഭാര്യയുടെ മൊഴി
Posted on: 25 Feb 2015
'നിഷാമിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ല'
തൃശ്ശൂര്‍: ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി നിഷാമിന്റ ഭാര്യ അമല്‍ മൊഴി നല്‍കി. ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവര്‍ പോലീസിനു മൊഴി നല്‍കിയത്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുമ്പോള്‍ നിഷാമിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാറിനോട് അമല്‍ പറഞ്ഞു. കാളത്തോട്ടിലെ ബന്ധുവീട്ടില്‍വെച്ചാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. നിഷാമിന്റെ കൈവശം ഇതുവരെ തോക്കുകള്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞതെന്ന് അറിയുന്നു. ഭര്‍ത്താവിനെതിരെ ഇവര്‍ നല്‍കിയിരുന്ന പരാതികള്‍ സംബന്ധിച്ചും പോലീസ് സംഘം അന്വേഷിച്ചു. നിഷാം മര്‍ദ്ദിക്കാറുണ്ട് എന്ന് ഇവര്‍ സമ്മതിച്ചു. ചന്ദ്രബോസിനെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് നിഷാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താന്‍ അറിഞ്ഞത് എന്നാണിവര്‍ പോലീസിനോട് പറഞ്ഞത്.
ചന്ദ്രബോസിനെ നിഷാം മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും കൂടെയുണ്ടായിരുന്നതായും ഒരുഘട്ടത്തില്‍ ഭാര്യയോട് തോക്കെടുത്തു കൊണ്ടുവരാന്‍ നിഷാം പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്രമം തടയാന്‍ ഇവര്‍ ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴിയെടുത്തിരിക്കുന്നത്.
എന്നാല്‍ അമലിനെ സാക്ഷിപ്പട്ടികയിലാണോ പ്രതിപ്പട്ടികയിലാണോ ചേര്‍ക്കേണ്ടത് എന്നതു സംബന്ധിച്ച് പോലീസ് തീരുമാനത്തില്‍ എത്തിയിട്ടില്ല. സാക്ഷിമൊഴികളും അമലിന്റെ മൊഴിയും പഠിച്ച ശേഷം മാത്രമെ തീരുമാനമെടുക്കൂ എന്നാണ് ഉന്നത പോലീസ് അധികാരികള്‍ പറയുന്നത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അമലിനെ മാപ്പുസാക്ഷിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ചന്ദ്രബോസ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി നിഷാമിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തിനുശേഷം ഇവര്‍ എറണാകുളത്തെ ബന്ധുവീട്ടിലായിരുന്നു താമസം. മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കിയതിനാല്‍ പോലീസിന് പൈട്ടന്ന് ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍വഴി ഇവരുമായി പോലീസ് നേരത്തെ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമല്‍ ഞായറാഴ്ച മൊഴിനല്‍കാന്‍ എത്തിയത്.
Tags: Nisham Case





