Crime News

നിഷാമുമായി രഹസ്യചര്‍ച്ച: അന്വേഷണ സംഘത്തിന്റെയും വിശദീകരണം തേടി

Posted on: 25 Feb 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമുമായി മുന്‍ കമ്മീഷണര്‍ രഹസ്യചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് അന്വേഷണസംഘത്തില്‍നിന്ന് ഐ.ജി. ടി.ജെ ജോസ് വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ വിശദീകരണം കഴിഞ്ഞ ദിവസം അദ്ദേഹം തേടിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍ രാജന്‍ എന്നിവരില്‍നിന്നും ഐ.ജി. ടി.ജെ ജോസ് വിവരങ്ങള്‍ ആരാഞ്ഞു എന്നാണ് അറിയുന്നത്. എന്നാല്‍ ഐ.ജി. ഇതു നിഷേധിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘത്തിലുള്‍പ്പെട്ടവര്‍ ഇതിനായി ഐ.ജി. ഓഫീസിലെത്തിയതെന്നറിയുന്നു. വൈകീട്ട് നാല് മുതല്‍ ആറ് വരെ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബില്‍നിന്ന് ഐ.ജി. വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്.
അന്വേഷണ സംഘത്തിലെ മറ്റു ചിലരില്‍നിന്ന് ഐ.ജി. വിശദീകരണം തേടും എന്നാണ് അറിയുന്നത്. മുന്‍ കമ്മീഷണര്‍, നിഷാമുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് എ.ഡി.ജി.പി. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ഐ.ജി. യോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന് കുറച്ചു ദിവസംകൂടി വേണ്ടിവരും എന്നും ഐ.ജി. അറിയിച്ചു.
Tags:   Nisham

 

 




MathrubhumiMatrimonial