Crime News

കാപ്പ: നിഷാമിന്റെ ഒതുക്കിയ കേസുകളും പരിഗണിക്കാനാവും

Posted on: 25 Feb 2015

എ.എം. പ്രീതി



കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട മുഹമ്മദ് നിഷാമിന്‍റെ പേരിലുണ്ടായിരുന്ന ഒത്തുതീര്‍പ്പാക്കിയ കേസുകളും കാപ്പ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിക്കാനാവും. കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ ഇല്ലാതാക്കി കാപ്പ (കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം-2007) നിയമ പ്രകാരമുള്ള നടപടികളെ അട്ടിമറിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മറ്റൊരു കേസില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.

കേസുകള്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഒത്തുതീര്‍ക്കാമെന്ന കാര്യം അവഗണിക്കാനാവില്ലെന്നാണ് വിജയമ്മ കേസില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. പണം, സ്വാധീനം, രാഷ്ട്രീയ ബലം എന്നിവയിലൂടെ സാക്ഷികളെ വശത്താക്കാനാവും. ബലപ്രയോഗം, ബന്ധുക്കളുടെ ജീവനെടുക്കുമെന്നും വീടിനും സ്വത്തിനും നാശം വരുത്തുമെന്നുമുള്ള ഭീഷണി തുടങ്ങിയവയിലൂടെയും ഒത്തുതീര്‍പ്പ് സാധ്യമാവുമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തി തുടര്‍ച്ചയായി കുറ്റങ്ങള്‍ ചെയ്ത ശേഷം ഒത്തുതീര്‍പ്പിലൂടെ കേസുകള്‍ റദ്ദാക്കിയെടുക്കുന്നത് ക്രൂരവും അധാര്‍മികവും അനുചിതവും ക്രമവിരുദ്ധവും നിയമത്തിന് നിരക്കാത്തതുമാണെന്നും ഉത്തരവില്‍ പറയുന്നു. നിയമം നടപ്പാക്കപ്പെടുന്നത് തടയുന്നതിന് സമമാണത്. വിചാരണയ്‌ക്കൊടുവില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നതും ഒത്തുതീര്‍പ്പിലൂടെ കേസ് റദ്ദാക്കുന്നതും ഒരുപോലെയല്ല.
കാപ്പ നിയമപ്രകാരമുള്ള നടപടിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആ കേസില്‍ പ്രതിക്കെതിരെ നാല് കേസുകളാണുണ്ടായിരുന്നത്. അതില്‍ രണ്ട് കേസുകള്‍ ഒത്തുതീര്‍ന്നതിനാല്‍ രണ്ടെണ്ണമേ നിലവിലുള്ളൂ എന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

മൂന്ന് കേസുകളുണ്ടെങ്കിലാണ് കാപ്പ പ്രകാരം നടപടിയെടുക്കാന്‍ വ്യവസ്ഥയുള്ളത്. ഒത്തുതീര്‍ന്ന കേസുകളും ഗുണ്ടാ നിയമപ്രകാരമുള്ള കരുതല്‍ തടങ്കലിന് പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത് ഹര്‍ജിക്കാരുടെ ഈ വാദം തള്ളിക്കൊണ്ടാണ്.
കാപ്പ നടപടിക്കെതിരെ സര്‍ക്കാറില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാപ്പ പ്രകാരം നടപടിയെടുക്കാന്‍ അധികാരപ്പെട്ടര്‍ക്ക് നിവേദനം പരിഗണിക്കാനാവില്ല. കാപ്പ നിയമപ്രകാരം വിപുലമായ അധികാരമുള്ള സര്‍ക്കാറിന് നിവേദനം പരിഗണിക്കാവുന്നതാണ്.

എന്നാല്‍ ഭരണഘടനയും നിയമവുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധിന്യായം അവസാനിപ്പിക്കുന്നത്. അതേസമയം, കാപ്പ പ്രകാരം നടപടിക്ക് കുറ്റപത്രം നല്‍കിയ മൂന്ന് കേസുകള്‍ തന്നെ വേണമില്ലെന്ന് മറ്റൊരു കേസില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. എലിസബത്ത് ജോര്‍ജ് കേസിലാണിത്.

പരാതിയിലെ അന്വേഷണത്തില്‍ കറ്റം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാല്‍ അക്കാര്യം കാണിച്ച് നല്‍കുന്ന സാക്ഷ്യപത്രവും കരുതല്‍ തടങ്കല്‍ നടപടിക്ക് പരിഗണിക്കാനാവും. മൂന്ന് കേസുകളുടെയും റിപ്പോര്‍ട്ട്, കുറ്റപത്രം, അത് ആയിട്ടില്ലെങ്കില്‍ കുറ്റം ബോധ്യപ്പെട്ടെന്ന സാക്ഷ്യപത്രം എന്നിവ സി.ഐ. ജില്ല പോലീസ് മേധാവിക്ക് നല്‍കണമെന്നതാണ് നടപടിക്രമം.

കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തി സമൂഹത്തിന് ഭീഷണിയാകുമെന്ന് കാണിച്ച് കരുതല്‍ തടങ്കല്‍ നടപടിക്കുള്ള ശുപാര്‍ശയുമായി ജില്ല പോലീസ് മേധാവിയാണ് അത് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നത്. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം ജില്ലാ കളക്ടര്‍ ഉചിതമായ തീരുമാനമെടുക്കും.

 

 




MathrubhumiMatrimonial