
ഭാര്യ എറണാകുളത്ത്; തോക്ക് 'കഥ'യില്‍ മാത്രം
Posted on: 25 Feb 2015
തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വിവാദവ്യവസായി മുഹമ്മദ് നിഷാം മര്‍ദ്ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യ അമല്‍ എറണാകുളത്തെവിടെയോ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ ഇടക്കിടെ പറഞ്ഞ് ഭീഷണിപ്പെടുത്താറുള്ള തോക്ക് എവിടെയാണെന്നു കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടുമില്ല.നിഷാം അറസ്റ്റിലായ അന്നു മുതല്‍ പോലീസ് ഇയാളുടെ തോക്കിനായി അന്വേഷണം നടത്തുന്നുണ്ട്. വീടും മറ്റും അരിച്ചു പെറുക്കിയിട്ടും ഇയാള്‍ തോക്കുചൂണ്ടി നില്‍ക്കുന്ന ഒരു ഫോട്ടോ മാത്രമാണ് ലഭിച്ചത്. ചന്ദ്രബോസിനെ തല്ലുന്നതിനിടെ ഭാര്യയോട് നിഷാം തോക്കു കൊണ്ടുവരാന്‍ ആക്രോശിച്ചതായി പലരും മൊഴി നല്‍കിയിരുന്നു. ഈ ആക്രോശം കൂടിനിന്നവരെ ഭയപ്പെടുത്തി.
നിഷാമിനെക്കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ അമലിനോടും പോലീസ് തോക്കിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അങ്ങനെയൊരു തോക്കില്ല എന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, നിഷാം മൊഴിനല്‍കിയിരിക്കുന്നത് തോക്ക് ബെംഗളൂരുവിലെ ഒരു എം.എല്‍.എ.യുടെ മകന്റെ കൈയില്‍നിന്ന് വാങ്ങിയതാണെന്നാണ്. ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല.
ഭാര്യ അമലിന്റെ കാര്യവും ഏതാണ്ട് ഇതുപോലെതന്നെ. പോലീസ് നിരവധി തവണ അന്വേഷിച്ചുവെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭീതിയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. മൊബൈല്‍ ഫോണുകള്‍ ഒന്നും ഉപയോഗിക്കാത്തതിനാല്‍ ഇവരെ കണ്ടെത്താനായിട്ടില്ല.
ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് താന്‍ കണ്ടില്ലെന്ന വാദത്തിലാണ് അമല്‍ എന്നാണറിയുന്നത്. ആഡംബരവാഹനമായ ഹമ്മറിന്റെ പിറകിലായിരുന്നു ചന്ദ്രബോസും നിഷാമും എന്നതിനാലാണിത്. ഹമ്മര്‍ ഓടിച്ച് ശോഭാസിറ്റിയുടെ ഫൗണ്ടനില്‍ കയറ്റിയശേഷമാണ് ഭാര്യയെ നിഷാം വിളിച്ചുവരുത്തുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയേക്കുമെന്നും സംശയമുണ്ട്.
നിഷാം കേസുമായി ബന്ധപ്പെട്ട് മറ്റു പല സംഗതികളും ഇപ്പോഴും കാണാമറയത്തു തന്നെയാണ്. ഇതില്‍ ഒന്ന് ഇയാളുടെ പാസ്‌പോര്‍ട്ടാണ്. ഇത് എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.





