Crime News

നിഷാമിനെതിരായ കേസിലെ ഒത്തുതീര്‍പ്പ്: പ്രോസിക്യൂഷന് വീഴ്ചയില്ലെന്ന് വിശദീകരണം

Posted on: 25 Feb 2015


കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ നേരത്തേ മൂന്ന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരണം. 2013-ലെ ഹര്‍ജികളെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി മാധ്യമങ്ങളോട് പറഞ്ഞത്.

ഒത്തുതീര്‍പ്പ് അനുവദിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിഷാമിന്റെ ഹര്‍ജികള്‍ അനുവദിച്ചത്. പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നതല്ല കാരണമെന്നും ഡി.ജി.പി. ചൂണ്ടിക്കാട്ടി. ഈയിടെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് നിഷാം.

വ്യക്തിപരമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ന്നെന്ന് ഇരു ഭാഗവും അറിയിച്ചാല്‍ അത് അനുവദിക്കാമെന്ന് സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ചിന്റെ വിധിയുണ്ട്. ഗ്യാന്‍ സിങും പഞ്ചാബ് ഗവണ്‍മെന്‍റും തമ്മിലുള്ള കേസിലെ പ്രസ്തുത വിധിയിലെ തത്ത്വം അനുസരിച്ചാണ് പ്രോസിക്യൂഷന്‍ പ്രവര്‍ത്തിച്ചത്.

കേസിനാസ്പദമായ തര്‍ക്കത്തിലെ ഒത്തുതീര്‍പ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിഷാമുള്‍പ്പെടെയുള്ളവരുടെ ഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോള്‍ അതില്‍ പ്രോസിക്യൂഷന് ഇടപെടാന്‍ കാരണമില്ല. വ്യക്തികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പാണത്. അതിനാലാണ് എതിര്‍ക്കാതിരുന്നത്. ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആരാണെന്ന് നോക്കിയല്ല പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കേസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2013-ല്‍ ചില കേസുകള്‍ തീര്‍പ്പാക്കിയത് നിഷാമിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെക്കാന്‍ തടസ്സമാവില്ലെന്നും നിഷാമിനെതിരെ വേറെയും കേസുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷംസുദ്ദീന്‍ എന്നയാളെ 2012-ല്‍ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസാണ് 2013-ല്‍ ഒത്തുതീര്‍ന്ന കേസുകളിലൊന്ന്. നാല് വിരലില്‍ കോര്‍ത്തിടുന്ന നക്ക്ള്‍ ഡസ്റ്റര്‍ ഉപയോഗിച്ച് നിഷാം ഇടിച്ച് മൂക്കിന് മുറിവേല്പിച്ചെന്നാണ് കേസ്. നിഷാമിന്റെ കൂടെ കാറില്‍ എത്തിയവരിലൊരാള്‍ കത്തികൊണ്ട് കുത്തി മുറിവേല്പിക്കാന്‍ ശ്രമിച്ചു. മറ്റൊരാള്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയും ചെയ്‌തെന്നായിരുന്നു വിയ്യൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

 

 




MathrubhumiMatrimonial