Crime News

യുവാവ് ശരീരത്തിലൊളിപ്പിച്ച 87 പവന്‍ സ്വര്‍ണം പിടികൂടി

Posted on: 25 Feb 2015


മംഗളൂരു: ദുബായില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവാവ് മലദ്വാരത്തിനുള്ളിലൊളിപ്പിച്ച 87.5 പവന്‍ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മംഗളൂരു ബന്ദര്‍ കണ്ടത്തുപള്ളി എസ്.എന്‍.ബി. ലൈനിലെ മുഹമ്മദ് ഷാരൂണിനെ(28)യാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 8.30-ന് ദുബായില്‍നിന്നെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഷാരൂണ്‍. ഇയാള്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ച കസ്റ്റംസ് അധികൃതര്‍ പിടികൂടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിശദമായി ചോദ്യംചെയ്തിട്ടും ഇയാള്‍ സമ്മതിച്ചില്ല. ഒടുവില്‍ വൈകിട്ട് മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകാനൊരുങ്ങവെയാണ് ഷാരൂണ്‍ കുറ്റം സമ്മതിച്ചത്.
വയറിളക്കിയപ്പോഴാണ് ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞനിലയില്‍ ആറ് സ്വര്‍ണ ബിസ്‌കറ്റ് കണ്ടെത്തിയത്. 1.16 ഗ്രാം വീതം വരുന്ന ആറ് ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. ഇയാളെ ബജ്‌പെ പോലീസിന് കൈമാറി.

 

 




MathrubhumiMatrimonial