Crime News

നിഷാമുമായി ബന്ധം: എം.എല്‍.എ.ക്കും ഡി.സി.സി. പ്രസിഡന്റിനും എതിരെ നടപടി വേണമെന്ന് ഐ ഗ്രൂപ്പ് യോഗം

Posted on: 25 Feb 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിനുവേണ്ടി ഇടപെടുകയും ഇയാളെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന പി.എ. മാധവന്‍ എം.എല്‍.എ.ക്കും ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍ കുട്ടിക്കും എതിരെ നടപടിവേണമെന്ന് ഐ. ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു.

ക്രൂരമായ കൊലപാതകക്കേസ് ഒതുക്കുന്നതില്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണറുമായി ഇവര്‍ ഒത്തുകളിച്ചുവെന്നും യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ ആരോപണത്തെത്തുടര്‍ന്ന് സ്ഥലം മാറ്റി. അതുപോലെ നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്നാണ് യോഗം ആവശ്യപ്പെട്ടത്. കെ.കെ. കൊച്ചുമുഹമ്മദ് അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചൂടേറിയ ചര്‍ച്ച നടന്നു.
മാര്‍ച്ച് ഒന്നിന് നടക്കുന്ന വാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു യോഗം. ഫിബ്രവരി 25-ന് ജില്ലയിലെ 110 മണ്ഡലങ്ങളില്‍ ഗ്രൂപ്പുയോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ അഡ്വ. ടി.യു. രാധാകൃഷ്ണന്‍ അധ്യക്ഷനായി. എം.പി. ഭാസ്‌കരന്‍ നായര്‍, ടി.വി. ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, ജോസ് കാട്ടൂക്കാരന്‍, ദിവാകരന്‍ കാണത്ത് എന്നിവര്‍ പങ്കെടുത്തു.

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും- പി.എ. മാധവന്‍


തൃശ്ശൂര്‍:
നിഷാമിനെക്കാണാന്‍ ജയിലില്‍ പോയിട്ടില്ലെന്ന് പി.എ. മാധവന്‍ എം.എല്‍.എ. പറഞ്ഞു. ഇതുസംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിഷാമുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. ജയിലില്‍ നിഷാമിനെ സന്ദര്‍ശിച്ചാല്‍ താന്‍ അയാളെക്കാള്‍ ക്രൂരനാവില്ലേയെന്നും എം.എല്‍.എ. ചോദിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തോടൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഫിബ്രവരി മൂന്നിന് ജയിലില്‍ പോയിരുന്നു. നാലുമണിമുതല്‍ ആറുമണിവരെ അവിടെയുണ്ടായിരുന്നു. കൂടെ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടിയും ഉണ്ടായിരുന്നു. ജയില്‍ ഉപദേശകസമിതി യോഗത്തിനാണ് പോയതെന്നും എം.എല്‍.എ. പറഞ്ഞു.

 

 




MathrubhumiMatrimonial