Crime News

അസം കൂട്ടക്കൊല: ബോഡോ തീവ്രവാദിയടക്കം രണ്ടുപേര്‍ കൊല്ലത്ത് പിടിയില്‍

Posted on: 25 Feb 2015


കൊല്ലം: അസം കൂട്ടക്കൊലക്കേസിലെ പ്രതികളിലൊരാളും നിരോധിത തീവ്രവാദ സംഘടനയിലെ അംഗവുമായ യുവാവിനെ കൊല്ലത്ത് മിലിട്ടറി ഇന്റലിജന്‍സും സിറ്റി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവും പിടിയിലായി.

നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന നിരോധിത സംഘടനയിലെ അംഗം റിജിന ബസുമത്രി (27), ഒപ്പമുണ്ടായിരുന്ന സ്വരണ്‍ (20) എന്നിവരെ കൊല്ലം ഡീസന്റുമുക്കിലെ കശുവണ്ടി ഫാക്ടറിയില്‍നിന്ന് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23ന് നടന്ന കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടയാളാണ് ബസുമത്രിയെന്ന് ഏറെക്കുറെ ഉറപ്പായതായി സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍ പറഞ്ഞു. അസമിലെ പോലീസ് മേധാവികളുമായി മിലിട്ടറി ഇന്റലിജന്‍സ് ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ എത്തിയശേഷമേ കൂടുതല്‍ വിവരങ്ങളും സ്ഥിരീകരണവും കിട്ടൂ. വ്യാഴാഴ്ചതന്നെ ഇവരെ ഗുവാഹതിയിലേക്ക് കൊണ്ടുപോകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

കേരളത്തില്‍ നേരത്തേ കൊച്ചിയടക്കം പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇവര്‍ രണ്ടുദിവസം മുമ്പാണ് കൊല്ലത്ത് വന്നത്. ഫാക്ടറിയില്‍ ജോലിതേടി എത്തിയതായാണ് പ്രാഥമിക വിവരം. കൂട്ടക്കൊലയെ തുടര്‍ന്ന് ഏതാനുംപേര്‍ അസമില്‍ പിടിയിലായിരുന്നു. അവരില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്. ഫാക്ടറിയില്‍ ബസുമത്രി ഉണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇന്റലിജന്‍സ് പോലീസ് കമ്മീഷണറുടെ സഹായം തേടുകയായിരുന്നു. ഹിന്ദിയും അസമീസും സംസാരിക്കുന്ന ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തില്‍ സിറ്റി പോലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സിനൊപ്പം സംയുക്ത ഓപ്പറേഷനില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial