Crime News

അമ്മയെയും മകളെയും ബലാത്സംഗംചെയ്ത്‌കൊന്ന കേസില്‍ രണ്ടാം പ്രതിയുടെ വിചാരണ 21ന് തുടങ്ങും

Posted on: 25 Feb 2015


ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു

തൊടുപുഴ:
രോഗിയായ അമ്മയെയും മകളെയും ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയും അതിനു ശേഷവും ലൈംഗിക അതിക്രമം കാട്ടുകയുംചെയ്ത കേസിലെ രണ്ടാം പ്രതിയുടെ വിചാരണ തൊടുപുഴ കോടതിയില്‍ ആരംഭിക്കുന്നു. ഒന്നാംപ്രതിയെ നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയതിനാലാണ് രണ്ടാം പ്രതിയുടെ വിചാരണ നടക്കാതിരുന്നത്.

പീരുമേട് 57-ാം മൈല്‍ പെരുവേലിപ്പറമ്പില്‍ ജോമോന്റെ (34) വിചാരണ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.കെ.അരവിന്ദബാബുവിന്റെ മുമ്പാകെ 21ന് ആരംഭിക്കും. ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചൂരക്കുഴി പുതുവല്‍ത്തടത്തില്‍ രാജേന്ദ്രനെ 2012 ജൂണ്‍ 20ന് ഇതേ കോടതി ജഡ്ജായിരുന്ന ടി.യു.മാത്തുക്കുട്ടി 20 വര്‍ഷം കഠിനതടവിനും വധശിക്ഷയ്ക്കും വിധിക്കുകയായിരുന്നു. വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

2007 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 11 ഓടെ പീരുമേട് 57-ാം മൈല്‍ വലിയവളവിനുതാഴെ വള്ളോപറമ്പില്‍ വീട്ടില്‍ മോളി(55), മകള്‍ നീനു(22) എന്നിവരാണ് കൊല്ലപ്പെട്ടത്. മോളിയുടെ ഭര്‍ത്താവ് മൂന്നു മാസം മുമ്പ് മരിച്ചു. അസുഖബാധിതയായതിനാല്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടപ്പായിരുന്നു മോളി. മകന്‍ ബിനു എറണകുളത്തായിരുന്നു. നീനുവിന്റെ ഭര്‍ത്താവ് തിരുപ്പൂരില്‍ പണിക്കു പോയിരുന്നു.

പ്രതികള്‍ രണ്ടുപേരുംകൂടി ഈ പ്രദേശത്തെ എല്ലാ വീടുകളിലും പണിക്കാരെ അന്വേഷിക്കുന്ന മട്ടില്‍ രാവിലെ എത്തി. പുരുഷന്‍മാരില്ലാത്ത വീടു കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. രാത്രി 10 ഓടെ ഇവര്‍ മോളിയുടെ വീട്ടിലെത്തി സഹോദരന്റെ പേരുചൊല്ലി വിളിച്ചു. തുറക്കാതായപ്പോള്‍ കതക് തല്ലിത്തകര്‍ത്ത് അകത്തുകയറി നീനുവിന്റെ കഴുത്തില്‍ തോര്‍ത്തിട്ടുമുറുക്കി അബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തു. കിടപ്പിലായിരുന്ന മോളിയെയും ഇവര്‍ വെറുതെവിട്ടില്ല. പിന്നീട് ബോധംതെളിഞ്ഞ നീനു ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കത്തികൊണ്ട് വെട്ടി നീനുവിനെ കൊലപ്പെടുത്തി. മോളിയുടെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചാണ് കൊന്നത്. ഇരുവരും മരിച്ചതിനുശേഷവും ഇവര്‍ ലൈംഗികാതിക്രമം തുടര്‍ന്നു. നീനുവിന്റെ ഏഴു മാസം പ്രായമുള്ള കുട്ടി പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് വീടിനു മുന്നിലിരുന്നു കരയുന്നതുകണ്ട അയല്‍വാസിയാണ് കൊലപാതകവിവരം ആദ്യമറിയുന്നത്. കുമളി സി.ഐ.ആയിരുന്ന ആര്‍.ജയശങ്കറാണ് കേസ് അന്വേഷിച്ചത്.

ഒന്നാം പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ച കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ഇ.എ.റഹീമിനെ ഈ കേസിലും സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുകയാണ്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 39 സാക്ഷികളെ വിസ്തരിക്കും.

 

 




MathrubhumiMatrimonial