Crime News

ബാലവേലയില്‍നിന്ന് പന്ത്രണ്ടുകാരനെ രക്ഷിച്ചു

Posted on: 25 Feb 2015


മഞ്ചേരി: ബാലവേലയ്ക്കായി പിതാവും രണ്ടാനമ്മയും ചേര്‍ന്നു വിറ്റ പന്ത്രണ്ടുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി രക്ഷിച്ചു.

മഞ്ചേരി നിലമ്പൂര്‍ റോഡില്‍ ഉത്തരേന്ത്യന്‍ ഭക്ഷണം വില്ക്കുന്ന തട്ടുകടയിലാണ് കുട്ടി ജോലി ചെയ്തിരുന്നത്. രാത്രിപത്തിനും കുട്ടി ഇവിടെ പണിയെടുക്കുന്നതുകണ്ട സാമൂഹികപ്രവര്‍ത്തകന്‍ അഡ്വ. എ.പി. ഇസ്മയിലാണ് ചൈല്‍ഡ് ലൈനെ വിവരമറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ജുനൈദ് മുഹസിന്‍പരി എത്തി ബാലനെ ഏറ്റെടുത്തു. അവശനിലയിലായിരുന്ന കുട്ടിയുടെ ഇടതുകൈയ്ക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്.

രാജസ്ഥാനിലെ ചിത്തോഡ്ഗഢ് ജില്ലയിലെ നിമ്മോലയിലുള്ള നാലാംക്ലൂസുകാരനായ ബാലനെ ആയിരം രൂപയ്ക്കാണ് രക്ഷിതാക്കള്‍ തൊഴിലുടമയ്ക്ക് കൈമാറിയത്. പഠിയ്ക്കുവാനാണ് താല്പര്യമെന്നും ഇഷ്ടമില്ലാതെയാണ് ഇവിടെയെത്തിയതെന്നും അവന്‍ മൊഴിനല്കി. സി.ഡബ്ലൂു.സി ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ.കൊരമ്പയില്‍ നജ്മല്‍ബാബു, എം. മണികണ്ഠന്‍, അഡ്വ. ഹാരിസ് പഞ്ചിളി, അഡ്വ. കവിത എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. കുട്ടിയെ തവനൂരിലെ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. സാമൂഹികപശ്ചാത്തല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പുനരധിവാസത്തിനും ജില്ലാപ്രൊട്ടക്ഷന്‍ യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 




MathrubhumiMatrimonial