
കോപ്പിയടി: മുംബൈ ഹൈക്കോടതി ഗവേഷകനെയും ഗൈഡിനെയും വിലക്കി
Posted on: 25 Feb 2015
പിഎച്ച്.ഡി. കോപ്പിയടി
തിരുവനന്തപുരം: പിഎച്ച്.ഡി. പ്രബന്ധം കോപ്പിയടിയാണെന്ന കണ്ടെത്തലിനെക്കുറിച്ച് കേരള പി.വി.സി. ഡോ. എന്‍.വീരമണികണ്ഠന്‍ വിശദീകരണം നല്‍കി. അദ്ദേഹം ഗവേഷണബിരുദം എടുത്ത കാലിക്കറ്റ് സര്‍വകലാശാലയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നത്. താന്‍ കോപ്പിയടിച്ചിട്ടില്ലെന്നും ഗവേഷണപ്രബന്ധത്തില്‍ സാധാരണ നിലയില്‍ റഫറന്‍സുകളും ഉദ്ധരിക്കലുകളും ചേര്‍ക്കുന്നതുപോലെ മാത്രമേ അവ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് വീരമണികണ്ഠന്റെ വിശദീകരണം.
വീരമണികണ്ഠന്റെ ഗൈഡും കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകനുമായിരുന്ന ഡോ. ബേബിയും മറുപടി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തോടും സര്‍വകലാശാല വിശദീകരണം തേടിയിരുന്നു. 15 ദിവസത്തിനകം രണ്ടുപേരും മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസ്.
മനഃശാസ്ത്രത്തിലുള്ള വീരമണികണ്ഠന്റെ ഗവേഷണപ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി വന്നപ്പോള്‍ വിദ്യാഭ്യാസമന്ത്രിയാണ് പരിശോധിക്കാന്‍ ഉത്തരവിട്ടത്. ഇതുപ്രകാരം കാലിക്കറ്റ് വി.സി. ഡോ. എം. അബ്ദുള്‍സലാം അദ്ദേഹത്തിന്റെ പ്രബന്ധം ഡല്‍ഹി സര്‍വകലാശാലാ മനഃശാസ്ത്രവിഭാഗം മേധാവി ഡോ. ചദ്ദക്ക് പരിശോധനയ്ക്കായി അയച്ചു. കോപ്പിയടി കണ്ടെത്തുന്നതിനുള്ള സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് അദ്ദേഹം പരിശോധന നടത്തിയത്.
ഇന്റര്‍നെറ്റില്‍നിന്നും പോള്‍ ലഹ്‌റര്‍ എന്ന അമേരിക്കന്‍ ഗവേഷകന്റെ ലേഖനത്തില്‍നിന്നുമുള്ള ഭാഗങ്ങള്‍ അതേപടി പ്രബന്ധത്തില്‍ കാണുന്നുവെന്നായിരുന്നു ഡോ. ചദ്ദയുടെ റിപ്പോര്‍ട്ട്. പ്രബന്ധത്തില്‍ 65 ശതമാനത്തോളം കോപ്പിയടി കണ്ടെത്തിയെന്നും ഡോ. ചദ്ദ ചൂണ്ടിക്കാട്ടിയിരുന്നു. ഗവേഷണപ്രബന്ധങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഉദ്ധരണികളും മറ്റ് റഫറന്‍സുകളും ആരുടേതാണെന്ന് ചേര്‍ത്തിട്ടുണ്ടെന്നും ഗവേഷണഫലവും കണ്ടെത്തലും തന്റേതാണെന്നും വീരമണികണ്ഠന്റെ മറുപടിയില്‍ പറയുന്നു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും അദ്ദേഹം മറുപടിയില്‍ ഉന്നയിച്ചു.
വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം സ്വന്തമായ സൃഷ്ടിയാണെന്ന് ഗൈഡ് മറുപടിയില്‍ പറഞ്ഞു. ഇതേസമയം, ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്വം ഗവേഷകനുതന്നെയാണെന്നും ഗൈഡിന് ഇതില്‍ പങ്കില്ലെന്ന വാദവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
അടുത്ത് ചേരുന്ന സിന്‍ഡിക്കേറ്റില്‍ ഇരുവരുടെയും മറുപടികളും ഡോ. ചദ്ദയുടെ റിപ്പോര്‍ട്ടും പോള്‍ ലഹ്‌ററുടെ കത്തും തീരുമാനത്തിനായി െവച്ചേക്കും. സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത് എന്നതിനാല്‍ മുതിര്‍ന്ന ഗവേഷകര്‍ നേരിട്ട് പ്രബന്ധം പരിശോധിക്കട്ടെയെന്ന നിര്‍ദ്ദേശവും സര്‍വകലാശാല പരിഗണിക്കുന്നുണ്ടെന്ന് അറിയുന്നു.
തിരുവനന്തപുരം : മുംബൈ സര്‍വകലാശാലയില്‍ പ്രബന്ധം കോപ്പിയടിച്ച് പിഎച്ച്.ഡി.ക്ക് അപേക്ഷിച്ച ഗവേഷകനും ഗൈഡിനും വിലക്ക്. സര്‍വകലാശാല എടുത്ത തീരുമാനം ശരിവെച്ചായിരുന്നു മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി. അനില്‍ ബംഗാര്‍ എന്ന ഗവേഷകന്‍ സമര്‍പ്പിച്ച പിഎച്ച്.ഡി. പ്രബന്ധത്തെക്കുറിച്ച് മറ്റൊരു ഗവേഷകനാണ് പരാതിയുമായെത്തിയത്. പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചായിരുന്നു ഗവേഷണ പ്രബന്ധം. തന്റെ പ്രബന്ധത്തില്‍നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അനിലിന്റെ പ്രബന്ധമെന്നായിരുന്നു പരാതി. അക്കാദമിക വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ ആരോപണം തെളിഞ്ഞു. തുടര്‍ന്നാണ് രണ്ടുപേര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.





