Crime News

മാവോവാദി ആക്രമണ ഭീതിയില്‍ അട്ടപ്പാടി

Posted on: 25 Feb 2015


അഗളി: അട്ടപ്പാടി കഴിഞ്ഞ നാലുമാസമായി മാവോവാദിയാക്രമണ ഭീതിയില്‍. അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ മാവോവാദികള്‍ വേരൂന്നിക്കഴിഞ്ഞെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമായും ഊരുകള്‍ കേന്ദ്രീകരിച്ചാണ് മാവോവാദികള്‍ കാമ്പയിന്‍ നടത്തിവരുന്നത്. ചൊവ്വാഴ്ചരാത്രി മൂലഗംഗല്‍ ഊരില്‍ മാവോവാദികള്‍ എത്തിയതാണ് അവസാനത്തെ ഊരുസന്ദര്‍ശനമെന്ന് പോലീസ് പറയുന്നു.

മൂലഗംഗല്‍ ഊരിലെത്തിയത് മൂന്നുപേരാണ്. രണ്ട് പെണ്ണും ഒരാണും അടങ്ങുന്ന സംഘം ഊരുവാസികള്‍ക്ക് തോക്ക് ഉപയോഗത്തെക്കുറിച്ചും സര്‍ക്കാരിനെതിരെ ക്ലാസെടുക്കുകയും ചെയ്തതായാണ് വിവരം. രാത്രി വൈകുവോളം ഊരില്‍ ചെലവഴിച്ച ഇവര്‍ പാരമ്പര്യ വാദ്യ-നൃത്തങ്ങള്‍ ആസ്വദിച്ച ശേഷമാണ് വനത്തിനകത്തേക്ക് പോയതെന്ന് ഊരുവാസികള്‍ പറയുന്നു. ഇതിന് രണ്ടുദിവസംമുമ്പ് വെള്ളകുളം ഊരിലെത്തിയ സംഘം ഊരുമൂപ്പന്റെ വീടിനുമുന്നില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

കഴിഞ്ഞ നാലുമാസത്തിനകം കുടിയേറ്റമേഖലകളായ മുക്കാലി, കള്ളമല, ഒമ്മല എന്നിവിടങ്ങളില്‍ മാവോവാദികള്‍ പോസ്റ്ററുകള്‍ പതിക്കയും പുലിയറ, കുറവന്‍പാടി എന്നിവിടങ്ങളില്‍ വീടുകളിലെത്തി ലഘുലേഖകള്‍ വിതരണംചെയ്യുകയും ഭക്ഷണസാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനുകള്‍, ഐ.ടി.ഡി.പി., വനംവകുപ്പ് ഓഫീസുകള്‍, സ്വകാര്യ റിസോര്‍ട്ടുകള്‍, മണല്‍-മരം-ഭൂമാഫിയകള്‍ എന്നിവര്‍ക്കുനേരെ മാവോവാദി ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാവോവാദിഭീഷണി നേരിടുന്ന ഇവിടെ പോലീസും വനംവകുപ്പും വളരെ കുറഞ്ഞ സൗകര്യത്തില്‍ ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്. പലപ്പോഴും രാത്രികാലങ്ങളിലെ തിരച്ചിലിന് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ സാമീപ്യം തടസ്സമാകാറുണ്ട്. പോലീസിനും വനംവകുപ്പിനും ആധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണ സജ്ജീകരണങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ പറയുന്നു. സാധാരണക്കാരുടെ അവകാശങ്ങള്‍ നേടാന്‍ വര്‍ഗസമരത്തില്‍ അണിചേരാന്‍ പറയുന്ന ലഘുലേഖകള്‍ വിതരണംചെയ്യുന്ന മാവോവാദികള്‍ സാധാരണക്കാരനായ ഒരാള്‍ക്കുനേരെ വെടിവെപ്പ് നടത്തിയെന്ന പോലീസിന്റെ പ്രാഥമികനിഗമനം ഊരുവാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial