Crime News

അടിമാലിയിലെ ലോഡ്ജില്‍ മൂന്നംഗകുടുംബം കൊല്ലപ്പെട്ട നിലയില്‍

Posted on: 25 Feb 2015

സ്വന്തം ലേഖകന്‍



പിന്നില്‍ കവര്‍ച്ചസംഘമെന്നു സൂചന


അടിമാലി(ഇടുക്കി):
ലോഡ്ജുടമയെയും ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി കവര്‍ച്ചസംഘം സ്വര്‍ണവുമായി കടന്നു. അടിമാലി സ്വദേശി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്(68), ഭാര്യ അയിഷുമ്മ (60), അയിഷുമ്മയുടെ അമ്മ നാച്ചി(85) എന്നിവരെയാണ് കൊലപ്പെട്ടനിലയില്‍ അടിമാലി രാജധാനി ലോഡ്ജില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. മോഷണശ്രമമാണ് കൊലപാതകത്തിനു കാരണമെന്ന് ഇടുക്കി പോലീസ് ചീഫ് അലക്‌സ് എം. വര്‍ക്കി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 5.15ന് കുഞ്ഞുമുഹമ്മദിന്റെ ചെറുമകന്‍ മാഹിന്‍ ആണ് അയിഷുമ്മയെയും നാച്ചിയെയും കൊല്ലപ്പെട്ടനിലയില്‍ ആദ്യം കാണുന്നത്. ലോഡ്ജിന്റെ സ്വീകരണമുറിയോടു ചേര്‍ന്നുള്ള കിടപ്പുമുറിയുടെ തറയില്‍ അയിഷുമ്മ തലയ്ക്കടിയേറ്റു മരിച്ചനിലയിലും സമീപത്തെ മുറിയിലെ കട്ടിലില്‍ നാച്ചിയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. ഉടന്‍ മാഹിന്‍, അച്ഛന്‍ അബ്ദുല്‍ കരീമിനെ വിളിച്ചുവരുത്തി. പിന്നീട് പോലീസില്‍ വിവരമറിയിച്ചു.

പോലീസും നാട്ടുകാരും നടത്തിയ പരിശോധനയില്‍, കുഞ്ഞുമുഹമ്മദിനെ കാണാതെവരികയും ഇയാളുടെ മൊബൈല്‍ ഫോണ്‍ വിളിച്ചാല്‍ കിട്ടാതെവരികയും ചെയ്തു. ഇതോടെ, കൊലപാതകത്തിനുപിന്നില്‍ ഇയാളാണെന്ന് അഭ്യൂഹം പരന്നു. തുടര്‍ന്ന്, അടിമാലി സി.ഐ. സജി മാര്‍ക്കോസ്, എസ്.ഐ. സോള്‍ജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ മൂന്നാംനിലയിലെ 302-ാം നമ്പര്‍ മുറിയില്‍, കൈകാലുകളും വായും കൂട്ടിക്കെട്ടിയനിലയില്‍ കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്ത്രീകളുടെ മൃതദേഹം കിടന്നിരുന്ന മുറിയിലെ അലമാര തിരച്ചില്‍ നടന്ന നിലയിലും, ഇവരുടെ ശരീരത്തില്‍ കിടന്നിരുന്ന 30 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് കണ്ടെത്തി. സ്ത്രീകളുടെ കാതില്‍ കിടന്നിരുന്ന ആഭരണങ്ങള്‍ വലിച്ചുപറിച്ചതുമൂലം രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു.

കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്നു കമ്മലിന്റെ ഒരുഭാഗം പിന്നീട് പോലീസ് കണ്ടെത്തി. ഇവിടെ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കുഞ്ഞുമുഹമ്മദിന്റെയും ഐഷയുടെയും തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. സ്ത്രീകള്‍ മരിച്ചുകിടന്ന മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. താമസക്കാരുടെ വിവരങ്ങളടങ്ങുന്ന രജിസ്റ്ററിന്റെ രണ്ടുപേജ് കീറിയെടുത്തനിലയില്‍ പോലീസ് കണ്ടെത്തി.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ രണ്ടുപേര്‍ ഇവിടെ താമസിക്കാന്‍ വന്നിരുന്നു. ഇവരെ പോലീസ് ചോദ്യംചെയ്തുവരുന്നു. ഇവര്‍ക്ക് രാത്രിയില്‍ മുറിയുടെ താക്കോല്‍ നല്‍കിയത് കുഞ്ഞുമുഹമ്മദായിരുന്നു. മണലികുടിയില്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജ് കഴിഞ്ഞ 17 വര്‍ഷമായി ബന്ധുവായ കുഞ്ഞുമുഹമ്മദാണ് നോക്കിനടത്തിയിരുന്നത്. കുഞ്ഞുമുഹമ്മദും ഭാര്യയും ഭാര്യാമാതാവും ലോഡ്ജില്‍ത്തന്നെയാണ് താമസം.

ഇടുക്കിയില്‍നിന്നു ഡോഗ്‌സ്‌ക്വാെഡത്തി പരിശോധിച്ചു. കോട്ടയത്തുനിന്ന് ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. മൂന്നാര്‍ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. വി.എന്‍.സജി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ദേവികുളം തഹസില്‍ദാര്‍ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കരീം, ലൈല, റെഷീദ എന്നിവരാണ് മരിച്ച കുഞ്ഞുമുഹമ്മദിന്റെയും അയിഷുമ്മയുെടയും മക്കള്‍.


 

 




MathrubhumiMatrimonial