Crime News

മോഷണത്തിനിടെ ചന്ദനക്കടത്തുകാര്‍ ക്യാമറയില്‍

Posted on: 25 Feb 2015




മറയൂര്‍:
കേരളാതിര്‍ത്തി പ്രദേശമായ ചിന്നാര്‍-അമരാവതി വനമേഖലയിലൂടെ ചന്ദനക്കടത്ത് വ്യാപകമാവുന്നു. ഈ വനമേഖലയില്‍ പാറന്തുറൈ പോകുന്നവഴി ആനക്കുഴി പള്ളം ഭാഗത്ത് തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഫിബ്രവരി 4ന് രാത്രി 11.43ന് രണ്ടുപേര്‍ ചന്ദനവുമായി പോകുന്ന ചിത്രങ്ങള്‍ പതിഞ്ഞു.

11-ാംതിയ്യതി ക്യാമറകളിലെ ഫോട്ടോകള്‍ പതിഞ്ഞത് പരിശോധിച്ച അമരാവതി റേഞ്ചര്‍ പി.മാരിയപ്പനാണ് മോഷ്ടാക്കള്‍ ചന്ദനവുമായി കടന്നുപോകുന്നത് ശ്രദ്ധിച്ചത്. ഇവിടെസ്ഥാപിച്ച മറ്റു ക്യാമറകളില്‍ പുലിയുടെയും കരടിയുടെയും ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ കാണുന്ന മോഷ്ടാക്കളെ വനം വകുപ്പ് അധികൃതര്‍ തേടിവരുന്നു.



കേരളാതിര്‍ത്തിയിലെ ചില ആദിവാസി മേഖലകളിലെയാളുകളാണ് ഫോട്ടോയില്‍ പതിഞ്ഞിരിക്കുന്നതെന്ന് അമരാവതി റേഞ്ചര്‍ പി.മാരിയപ്പന്‍ പറയുന്നു. കേരള വനംവകുപ്പിന്റെ സഹായം ഇക്കാര്യത്തില്‍തേടി മോഷ്ടാക്കളെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വനമേഖലയില്‍ പുലികളുടെയും കരടിയുടെയും കടുവയുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വനമേഖലയിലൂടെയാണ് ചന്ദനമോഷ്ടാക്കള്‍ ജീവന്‍ പണയംവച്ച് ചന്ദനത്തടികള്‍ തലച്ചുമടായി കടത്തുന്നത്. ഇരുപത്തിയഞ്ച് കിലോ മുതല്‍ 35 കിലോ ചന്ദനംവരെ തലച്ചുമടായി അമരാവതിവനത്തിനുപുറത്തു കടത്തിയാല്‍ ഇവര്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് 100 രൂപ മുതല്‍ 150 രൂപവരെയാണ്. ചിലര്‍ വനത്തിലെ രഹസ്യസങ്കേതങ്ങളില്‍, മറ്റുചിലര്‍ ശേഖരിച്ചുവച്ചിരിക്കുന്ന ചന്ദനത്തടികള്‍ 1000 രൂപയ്ക്കു വേണ്ടിയാണ് കടത്തുന്നതെങ്കില്‍ മറ്റുചിലര്‍ നേരിട്ട് ചന്ദനം മുറിച്ചുകടത്തിവരുന്നു.

 

 




MathrubhumiMatrimonial