Crime News

നിലമ്പൂര്‍രാധ വധം: പ്രതികള്‍ക്ക് ജീവപര്യന്തം തടവുംപിഴയും

Posted on: 25 Feb 2015




മഞ്ചേരി:
വിവാദംസൃഷ്ടിച്ച നിലമ്പൂര്‍രാധ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തംതടവും പിഴയും മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി രാധയെ കൊലപ്പെടുത്തിയകേസില്‍ ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബി.കെ. ബിജു (39), രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവര്‍ ചുള്ളിയോട് കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ (29) എന്നിവര്‍ക്കാണ് ശിക്ഷവിധിച്ചത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു ബിജു.

ജഡ്ജി പി.എസ്. ശശികുമാറിേന്റതാണ് വിധി. ബിജു 86,000 രൂപയും ഷംസുദ്ദീന്‍ 41,000 രൂപയും പിഴയടയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചിട്ടുണ്ട്. നിലമ്പൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ജോലിക്കെത്തിയപ്പോഴാണ് നാല്പത്തൊമ്പതുകാരിയായ രാധ കൊല്ലപ്പെട്ടത്. പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വിലയിരുത്തി. കേസില്‍ ഇവര്‍മാത്രമാണു പ്രതികളെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായും നിരീക്ഷിച്ചു.

രാധയെ കൊലപ്പെടുത്താന്‍ ഒന്നാംപ്രതി മുമ്പുനടത്തിയ ശ്രമങ്ങള്‍ തെളിയിക്കാനായതും ബിജുവിന്റെ കൈക്കേറ്റപരിക്കും കേസില്‍ നിര്‍ണായകതെളിവായി. ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കിലും ബലാത്സംഗക്കുറ്റം ചുമത്താമെന്ന നിയമഭേദഗതിക്ക് ശേഷമുള്ള സംസ്ഥാനത്തെ ആദ്യകേസാണിത്. ബിജുവിന് കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000രൂപ പിഴയുമാണ് ശിക്ഷ. ബലാത്സംഗത്തിന് പത്തുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുവര്‍ഷം കഠിനതടവും 10,000രൂപ പിഴയുമാണ് ശിക്ഷ.
മൃതദേഹത്തില്‍നിന്ന് കവര്‍ച്ചനടത്തിയ കുറ്റത്തിന് ഒരുവര്‍ഷം കഠിനതടവും 1000രൂപ പിഴയും അന്യായമായി തടഞ്ഞുെവച്ചതിന് മൂന്നുമാസം കഠിനതടവും അനുഭവിക്കണം.

ഷംസുദ്ദീന് കൊലപാതകത്തിന് ജീവപര്യന്തവും 25,000 രൂപ പിഴയും ബലാത്സംഗത്തിന് ഏഴുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷവിധിച്ചു. മൃതദേഹത്തില്‍ നിന്ന് ആഭരണംകവര്‍ന്നതിന് ഒരുവര്‍ഷം കഠിനതടവും 1000 രൂപ പിഴയും അന്യായമായി തടഞ്ഞുെവച്ചതിന് മൂന്നുമാസം വെറുംതടവും അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴ അടയ്ക്കുന്നുവെങ്കില്‍ അത് രാധയുടെ കുടുംബത്തിന് നല്കണം. അടച്ചില്ലെങ്കില്‍ അധികതടവും അനുഭവിക്കണം.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുവാന്‍ ബാധ്യതയുള്ള ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്‍ തനിക്കുകീഴില്‍ ജോലിചെയ്യുന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷനല്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.ജി. മാത്യു വാദിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകം എന്നവാദം കോടതി നിരാകരിച്ചു. 2014 ഫിബ്രവരി അഞ്ചിനാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുജോലിക്കെത്തിയ രാധ കൊല്ലപ്പെടുന്നത്. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍കേസ്.

 

 




MathrubhumiMatrimonial