
കഞ്ചാവുമായി യുവാവ് പിടിയില്‍; കൊക്കെയ്ന്‍ കേസ് പ്രതിയുമായി ബന്ധമെന്ന് പോലീസ്
Posted on: 25 Feb 2015

തൃപ്രയാര്‍: ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും കഞ്ചാവുള്‍പ്പെടെയുള്ള മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന യുവാവിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ്, വലപ്പാട് സിഐ ആര്‍. രതീഷ്‌കുമാര്‍, എസ്‌ഐ കെ.ജി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കോതകുളം ബീച്ച് റോഡില്‍ കോഴിനഗര്‍ തോട്ടോരത്ത് സായി നൈനേഷ് എന്ന നൈനേഷാണ് (32) അറസ്റ്റിലായത്. 450 ഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. നൈനേഷ് സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
കൊക്കെയ്ന്‍, എല്‍.എസ്.ഡി., എം.ഡി.എം.എ. എന്നീ മയക്കുമരുന്നുകളും നൈനേഷ് വില്പന നടത്തിയിരുന്നതായി ജില്ലാ റൂറല്‍ പോലീസ് ചീഫ് എന്‍. വിജയകുമാര്‍ പറഞ്ഞു. എറണാകുളത്ത് കൊക്കെയിനുമായി അറസ്റ്റിലായ ബ്ലസ്സി ഇവരുടെ കണ്ണിയില്‍ പെട്ടതാെണന്ന് നൈനേഷ് പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ബെംഗളൂരുവില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി സ്ത്രീകള്‍ ഇവരുടെ കണ്ണിയില്‍ പെട്ടിട്ടുണ്ടത്രെ.
തൃശ്ശൂര്‍ ജാക്‌സന്‍ കൊലക്കേസില്‍ പിടിയിലാവാനുള്ള വലപ്പാട് സ്വദേശി വിവേക്, ബ്ലസ്സിക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാറുണ്ടത്രെ. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് തൃശ്ശൂര്‍ ടൗണിലും വലപ്പാടും പലപ്പോഴായി വന്നിരുന്നതായും പോലീസ് പറഞ്ഞു.
നൈനേഷ് ബെംഗളൂരുവില്‍ ഫ്ലൂറ്റ് വാടകയ്‌ക്കെടുത്താണ് മയക്കുമരുന്ന് വില്പന നടത്തുന്നത്. നൈനേഷിനെ ചോദ്യം ചെയ്തപ്പോള്‍ ബെംഗളൂരു, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ മയക്കുമരുന്ന് ലോബിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. എഎസ്‌ഐ എം.പി. മുഹമ്മദ്‌റാഫി, സീനിയര്‍ സി.പി.ഒ സലില്‍കുമാര്‍, സി.പി.ഒ.മാരായ സൂരജ് വി.ദേവ്, പി.ജി. ഗോപകുമാര്‍, ഐ.ആര്‍. ലിജു, അനന്തകൃഷ്ണന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.





