Crime News

നിഷാം വീണ്ടും ജയിലില്‍; ചന്ദ്രബോസിന്റെ നില വഷളായി

Posted on: 25 Feb 2015




തൃശ്ശൂര്‍:
വിവാദ വ്യവസായി മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ കാരമുക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസി(49)നെ വീണ്ടും വെന്റിലേറ്ററിലാക്കി. കഴിഞ്ഞദിവസം ഇയാളെ ഒരു ശസ്ത്രക്രിയ്ക്കുകൂടി വിധേയനാക്കി. ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റ് ആസ്പത്രിയില്‍ എത്തിയിരുന്നെങ്കിലും വെന്റിലേറ്ററിലായിരുന്നതിനാല്‍ മൊഴിയെടുക്കാനായില്ല. അന്വേഷണസംഘത്തിന്റെ തെളിവെടുപ്പും മറ്റും പൂര്‍ത്തിയായതിനാല്‍ നിഷാമിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.

ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിഷാമിനെ ബുധനാഴ്ച ഹാജരാക്കിയത്. കുന്നംകുളം കോടതി അവധിയായിരുന്നതിനാലാണിത്. ചാവക്കാട് മജിസ്‌ട്രേറ്റ് എം.പി. ഷിബുവിന്റെ ഉത്തരവുപ്രകാരം ഇയാളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനെത്തിയതും ഇദ്ദേഹമായിരുന്നു.

കുടലില്‍ പൊട്ടല്‍ വന്നതിനെത്തുടര്‍ന്നാണ് ചന്ദ്രബോസിനെ വീണ്ടും ശസ്ത്രക്രിയക്കു വിധേയനാക്കിയത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇയാള്‍ മൂന്നു ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. അമല ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് ആന്തരികക്ഷതങ്ങളെത്തുടര്‍ന്ന് ന്യൂമോണിയ പിടിപെട്ടിരുന്നു. കൂടാതെ വയറ്റില്‍ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ കുടലില്‍ പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ആദ്യം ചന്ദ്രബോസ് വെന്റിലേറ്ററിലായിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്ഥിതി വീണ്ടും മോശമായത്.

കഠിനമായ മര്‍ദ്ദനമേറ്റതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ അടിക്കടിയുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാറുകൊണ്ടുള്ള ഇടി, ഷൂവിട്ട കാലുകൊണ്ടുള്ള ചവിട്ടുകള്‍. കൈകൊണ്ടുള്ള മര്‍ദ്ദനം, ഇരുമ്പുവടി ഉപയോഗിച്ചുള്ള മര്‍ദ്ദനം എന്നിങ്ങനെ പല രീതിയിലാണ് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. ശരീരത്തിന്റെ പല ഭാഗത്തും പരിക്കുകളുണ്ട്. പുറമെ കാണുന്ന പരിക്കുകളെക്കാള്‍ കഠിനമാണ് അകത്തെ പരിക്കുകളെന്നാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്ന സൂചന.

മറ്റു സംസ്ഥാനങ്ങളിലെ തെളിവെടുപ്പുകഴിഞ്ഞ് തിങ്കളാഴ്ചയോടെയാണ് പോലീസ് സംഘം നിഷാമിനെ തൃശ്ശൂരില്‍ തിരികെ എത്തിച്ചത്. ചൊവ്വാഴ്ച നിഷാമിന്റെ സുഹൃത്തുക്കളെയും മറ്റും പോലീസ് ചോദ്യംചെയ്തിരുന്നു. കൊക്കെയ്ന്‍ കേസില്‍ നിഷാമിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ കൊച്ചി പോലീസ് ശക്തമാക്കിയേക്കും. ഇതിനായി അടുത്തദിവസം തന്നെ ഇവര്‍ കോടതിയെ സമീപിക്കുമെന്നാണ് കരുതുന്നത്.

 

 




MathrubhumiMatrimonial