Crime News

നിലമ്പൂര്‍രാധ വധം: രാഷ്ട്രീയസ്വാധീനത്തെ മറികടന്നത് ശാസ്ത്രീയതെളിവുകളുടെ പിന്‍ബലം

Posted on: 25 Feb 2015


മഞ്ചേരി: ഡമ്മിപരീക്ഷണം മുതല്‍ ഡി.എന്‍.എ പരിശോധനവരെ. മൊബൈല്‍രേഖകളില്‍ത്തുടങ്ങി സി.സി ടി.വി ദൃശ്യങ്ങള്‍വരെ. നിലമ്പൂര്‍ രാധവധക്കേസ് കോടതിയില്‍ തെളിയിക്കപ്പെടുമ്പോള്‍ അത് ശാസ്ത്രീയാന്വേഷണത്തിന്റെ വിജയംകൂടിയാവുന്നു.

രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഓഫീസില്‍നടന്ന കൊലപാതകത്തില്‍ പ്രതികളെകുടുക്കാന്‍ ആദ്യംമുതല്‍ പോലീസ് ആശ്രയിച്ചത് ശാസ്ത്രീയമാര്‍ഗങ്ങള്‍ത്തന്നെയായിരുന്നു. മൃതദേഹം കുളത്തില്‍പൊങ്ങിയതിന്റെ തൊട്ടടുത്ത ദിവസംതന്നെയാണ് ബിജുവിനെയും ഷംസുദ്ദീനെയും വലയിലാക്കിയത്. ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടാമെന്ന ഒന്നാംപ്രതിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് പോലീസ് നീങ്ങിയത്.
ചോദ്യംചെയ്യലില്‍ തുടക്കത്തില്‍ ബിജു ഈ ആയുധം ഉപയോഗിച്ച് പിടിച്ചുനിന്നു. പക്ഷേ പോലീസ് കൃത്യമായി തെളിവുനിരത്തിയപ്പോള്‍ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞു. ബിജുവിന്റെ രണ്ടുമൊബൈലുകളിലെയും വിളികളുടെ വിവരങ്ങള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു.

രാധയെ കാണാതായ അഞ്ചിന് രാത്രി എട്ടുമണിമുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരുമണിവരെ ബിജുവിന്റെസാന്നിധ്യം മൃതദേഹംകണ്ടെടുത്ത പരപ്പന്‍കുഴിച്ചാല്‍ കുളം ഉള്‍പ്പെടുന്ന ചുള്ളിയോട് ടവറിന്റെ പരിധിയിലാണെന്നുകണ്ടെത്തി. ബിജുവിനെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ ഷംസുദ്ദീന്റെ പങ്കുപുറത്തുവന്നു. രാധയുടെ ആഭരണങ്ങള്‍ ഒളിപ്പിച്ചുെവച്ചത് ഷംസുദ്ദീന്റെ വീട്ടില്‍നിന്നുകണ്ടെടുത്തു. തുടര്‍ന്ന് തൊണ്ടിമുതലുകളോരോന്നും പോലീസ് പിടിച്ചെടുത്തു.

കോണ്‍ഗ്രസ് ഓഫീസിലെ കണക്കുപുസ്തകത്തിലെ കൈപ്പട ബിജുവിേന്റതാണെന്ന് തെളിയിക്കാന്‍ ഈ രംഗത്തെ വിദഗ്ധന്റെ സഹായവുംതേടി. മൃതദേഹം ചാക്കില്‍ക്കെട്ടി കുളത്തില്‍ കൊണ്ടിടാന്‍ മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്നുറപ്പാക്കാന്‍ ഡമ്മിപരീക്ഷണവും നടത്തി.

രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഓഫീസില്‍നടന്ന കൊലപാതകം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഓഫീസില്‍നടന്ന കൊലപാതകമെന്നരീതിയിലും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗം പ്രതിയായെന്നതും കേസിന് വേറിട്ടൊരുമാനം നല്കി. ഭരണകക്ഷിയായതിനാല്‍ അന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതോടെ നീതിയുക്തവും സംശയാതീതവുമായ അന്വേഷണവും സര്‍ക്കാറിന്റെ അഭിമാനപ്രശ്‌നമായി മാറുകയായിരുന്നു.

 

 




MathrubhumiMatrimonial