githadharsanam

ഗീതാദര്‍ശനം - 319

Posted on: 31 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം



കഥം വിദ്യാമഹം യോഗിന്‍
ത്വാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു
ചിന്ത്യോശസി ഭഗവന്‍ മയാ

ഹേ യോഗേശ്വരാ, ഞാന്‍ എപ്പോഴും പരിചിന്തനം ചെയ്യുന്നതിനായി അങ്ങയെ എവ്വിധമാണ് അറിയേണ്ടത്? ഹേ ഭഗവാനേ, ഏതേതു സൃഷ്ടികളായാണ് എനിക്ക് അങ്ങ് ധ്യാനവിഷയമായി ഭവിക്കേണ്ടത്?

മൂന്നു കാര്യങ്ങള്‍ ഈ പദ്യത്തില്‍ കാണാം. ഒന്ന്, ഈശ്വരനെ അറിയാനുള്ള അഭിനിവേശം. അമ്മയെ കാണാന്‍ വെമ്പുന്ന കുഞ്ഞിനെപ്പോലെ ആകാംക്ഷാഭരിതനാണ്, ആത്മസ്വരൂപം അറിയുന്നതില്‍ ഇപ്പോള്‍ അര്‍ജുനന്‍. രണ്ട്, പരംപൊരുളിനെ സങ്കല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കെല്ലാമുളവാകുന്ന എത്തും പിടിയും കിട്ടായ്മ. അനാദിയും അനന്തവും അവ്യയവും സര്‍വവ്യാപിയുമായ ഒന്നിനെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു നോക്കുക. നിയതങ്ങളായ രൂപങ്ങള്‍ മാത്രം മനസ്സില്‍ കണ്ട് ശീലിച്ച നാം വിഷമിച്ചുപോകും, തീര്‍ച്ച. മൂന്ന്, ഈ നിസ്സഹായതയില്‍നിന്ന് കരകയറാനുള്ള ക്ലൂ സര്‍വ്വത്തിന്റെയും ഉത്പത്തികാരണമായ പുരുഷോത്തമന്‍ സര്‍വതിലും നിറഞ്ഞിരിക്കുന്നത് സ്വപ്രകൃതിയിലെ വൈരുധ്യാത്മകത എന്ന യോഗമായയിലൂടെയാണെന്ന അടിസ്ഥാന ധാരണ സംബോധനകളിലൂടെ സൂചിതമാകുന്നുണ്ടല്ലോ.

യോഗിന്‍ എന്ന സംബോധനയിലെ ധ്വനി കാണാതിരുന്നുകൂടാ. പ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊന്നും ആത്യന്തികയാഥാര്‍ഥ്യമോ നിത്യമോ അല്ലെന്നിരിക്കെ ഇതൊക്കെ ഇങ്ങനെ കാണിച്ചുകൂട്ടുന്ന ആളെ 'ഹേ ഇന്ദ്രജാലക്കാരാ' എന്നല്ലാതെ എന്തു വിളിക്കും?

സയന്‍സിന്റെ സമ്പ്രദായത്തിന് സമാന്തരമാണ് ഈ അന്വേഷണരീതി. സര്‍ ഐസക് ന്യൂട്ടന്‍ പോയ വഴി നോക്കുക. ചിട്ടയായും കൃത്യമായും പെരുമാറുന്ന ഗോളങ്ങളെ സാര്‍വലൗകികമായ ഒരു നിയമം ഭരിക്കുന്നു എന്ന് ബോധ്യമാകുന്നു. തുടര്‍ന്ന്, ആ ബോധ്യത്തിന് നിദര്‍ശനങ്ങളായ സൃഷ്ടിസ്വഭാവങ്ങളെ നിരീക്ഷിക്കുന്നു. അവയെപ്പറ്റി സദാ ചിന്തിക്കുന്നു, ചലനനിയമങ്ങള്‍ കണ്ടെത്തുന്നു. നിത്യജീവിതത്തിലെ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ ആ നിയമങ്ങള്‍ ശരിയെന്ന് തെളിയുന്നു. ആ കണ്ടെത്തല്‍ അതില്‍പ്പിന്നെയുള്ള ലോകഗതിയെ അപ്പാടെ മാറ്റിമറിക്കുന്നു.

വിഭൂതികളായി സപ്തര്‍ഷികളെയും മനുക്കളെയും മാത്രമാണ് ആദ്യം പറഞ്ഞത്. എല്ലാം എന്നില്‍നിന്നുണ്ടായി, എല്ലാം എന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നുകൂടി പറഞ്ഞു. എന്നു വെച്ചാല്‍, പട്ടുനൂല്‍പ്പുഴുക്കളെയും പിന്നെ പട്ടുപരവതാനിയുമേ കാണിച്ചുള്ളൂ. നാനാവിധ പരവതാനികള്‍ ഒന്നൊഴിയാതെ പ്രദര്‍ശിപ്പിച്ച് അവയുടെ ഊടും പാവും വേര്‍തിരിച്ച് നെയ്ത്തുവിദ്യ വെളിപ്പെടുത്തിയില്ല. നെയ്ത്തുകാരനെ അറിയാന്‍ അതുകൂടി വേണം.

(തുടരും)



MathrubhumiMatrimonial