
ഗീതാദര്‍ശനം - 317
Posted on: 29 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
സ്വയമേവാത്മനാത്മാനം
വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ
ദേവദേവ ജഗത്പതേ
ചരാചരങ്ങളുടെ ഉറവിടവും അധീശനും ദേവദേവനും ജഗത്പതിയുമായ ഹേ പുരുഷോത്തമാ, ആത്മാവിനെ ആത്മാവുകൊണ്ട് സ്വയം അറിയുന്ന അങ്ങു മാത്രമേ അങ്ങയെ അറിയുന്നുള്ളൂ.
പരമാത്മാവിനെ സ്വാത്മാവുകൊണ്ട് സ്വയം (അനുഭവിച്ച്) അറിയുന്നതാണ് യോഗവിദ്യയുടെ ഫലശ്രുതി. ഇവിടെ രണ്ടു കാര്യങ്ങള്‍ സൂചിതമാകുന്നു. ഒന്ന്, തേര്‍ത്തടത്തില്‍ ഇരിക്കുന്ന കൃഷ്ണന്‍ യോഗേശ്വരനായതിനാല്‍ ജന്മനാ മുക്തനാണ്. മറ്റൊന്ന്, ക്ഷരാക്ഷരങ്ങള്‍ രണ്ടിനും അതീതമായ ഉത്തമപുരുഷനും പുരുഷോത്തമനെന്നു പ്രസിദ്ധിയുള്ളതുമാണ് പരമാത്മസ്വരൂപം. സംബോധന ഇത് സൂചിപ്പിക്കുന്നു (ദ്വാവിമൗ പുരുഷൗ ലോകേ .... ബിഭര്‍ത്ത്യവ്യയ ഈശ്വരഃ - 15: 16,17). ആ പുരുഷോത്തമനാണ് ചരാചരങ്ങളുടെ ഉറവിടവും ഉടമസ്ഥനും ലോകമഹേശ്വരനും പ്രപഞ്ചത്തിന്റെ ഭരണകര്‍ത്താവുമായി ഇരിക്കുന്നത്.
ഈ പുരുഷോത്തമനാണ് ജഗദ്ഗുരു. ഇനി സംഭവിക്കാന്‍ പോകുന്നത് ഒരു മഹാത്ഭുതമാണ്. എപ്രകാരമാണോ അറിവും അറിയാനുള്ളതും അറിയുക എന്ന കാര്യവും ഈ മഹാഗുരുവില്‍ ഒന്നായിത്തന്നെ ഇരിക്കുന്നത്, അതേ രൂപത്തില്‍ ആ ഗുരുസ്വരൂപം ശിഷ്യനുമായും ഒന്നായിച്ചേരാന്‍ പോകുന്നു. അടുത്ത അധ്യായത്തിലെ വിശ്വരൂപദര്‍ശനത്തില്‍ ആ ലയനത്തിന്റെ ആദ്യപടി കാണാം.
സാധാരണമനുഷ്യരായ നമുക്ക് അന്തരാത്മാവിന്റെ വെളിച്ചത്തില്‍ പ്രാപഞ്ചികാസ്തിത്വത്തെ ഉദ്ധരിച്ച് അതിന്റെ ക്രമികമായ വികസനത്തിലൂടെ ആത്മസാരൂപ്യം നേടണം. അപ്പോഴും പരമാത്മാവിനെ സ്വാത്മാവുകൊണ്ട് സ്വയം (അനുഭവിച്ച്) അറിയുന്നു. പക്ഷേ, പരമാത്മാവിന് സ്വയം അറിയാന്‍ ഈ ക്ലേശമൊന്നും വേണ്ട. അത് എപ്പോഴും സ്വയം അറിഞ്ഞുകൊണ്ടേ ഇരിക്കുന്നു. അഥവാ ആ അറിവുതന്നെയാണ് അത്.
അറിവിന്റെ പൂര്‍ണതയെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടായിക്കിട്ടാന്‍ നമ്മുടെ അറിവില്ലായ്മകളുടെ സ്വഭാവം നോക്കിയാല്‍ മതി. നമുക്ക് കാലാവസ്ഥപോലും കൃത്യമായി ഒരിക്കലും പ്രവചിക്കാനാവാത്തത് കാലാവസ്ഥയെ രൂപപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള എല്ലാ അറിവും ഒരുമിച്ചില്ലാത്തതിനാലാണ്. ഉണ്ടാകുക അസാധ്യവുമാണ്. കാരണം, അനന്തവിചിത്രമാണ് ആ അറിവുകള്‍. അറിയാവുന്ന ഏതാനും ഘടകങ്ങള്‍ നിരത്തി നാം ഊഹങ്ങളിലെത്തുന്നു. പിഴച്ചും പോകുന്നു. എല്ലാതും അറിയാന്‍ സയന്‍സിന് കഴിവുണ്ടാകണമെങ്കില്‍ അറിയുന്ന ആളെക്കുറിച്ചുള്ള അറിവുകൂടി മുഴുവനാകാതെ പറ്റില്ലെന്നര്‍ഥം. ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങളുടെയും പിന്നിലുള്ളത് അറിവിന്റെ ഈ അപൂര്‍ണതയാണല്ലോ.
അപ്പോള്‍, ഏതെല്ലാം ഉരുവങ്ങളായാണ് പരംപൊരുള്‍ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നതെന്നും അവയില്‍ ഏതേതു സൃഷ്ടികളിലൂടെയാണ് പരംപൊരുളിനെ ധ്യാനിച്ചുതുടങ്ങാവുന്നത് എന്നുമുള്ള അടുത്ത ചോദ്യങ്ങള്‍ക്കു പിന്നില്‍ ഒരു സയന്റിസ്റ്റിന്റെ നിലപാടുണ്ട്.
(തുടരും)





