
ഗീതാദര്‍ശനം - 316
Posted on: 28 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
സര്‍വമേതദൃതം മന്യേ
യന്മാം വദസി കേശവ
നഹി തേ ഭഗവന്‍ വ്യക്തിം
വിദുര്‍ദേവാ ന ദാനവാഃ
ഹേ കേശവാ, എന്നോട് അങ്ങ് ഇപ്പറഞ്ഞതെല്ലാം സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭഗവന്‍, അങ്ങയുടെ യഥാര്‍ഥസ്വരൂപത്തെ ദേവന്മാരോ ദാനവരോ ആരുംതന്നെ അറിയുന്നില്ല.
വേദാന്തത്തില്‍ ഒരു വസ്തുതയുടെ സത്യാവസ്ഥ നിശ്ചയിക്കാനുള്ള വഴികള്‍ പ്രത്യക്ഷം (നേരിട്ടുള്ള നിരീക്ഷണം അഥവാ കാഴ്ച), അനുമാനം (കണ്ടതിനെ ആസ്പദിച്ചുള്ള നിഗമനം), ശബ്ദം (മുമ്പെ അറിഞ്ഞവര്‍ ഭാഷയിലൂടെ രേഖപ്പെടുത്തിയത്), അര്‍ഥാപത്തി (ഇതിങ്ങനെയാണെങ്കില്‍ അതിനെപ്പറ്റി വേറിട്ടു പറയാനുണ്ടോ എന്ന തരത്തിലുള്ള നിരൂപണം), അനുപലബ്ധി (അറിവിന്റെ അനുഭവത്തിലൂടെയുള്ള സ്ഫുടപാകം) എന്നിങ്ങനെ അഞ്ചാണ്. ഉറവിടത്തിന്റെ ആധികാരികത തീര്‍ച്ചപ്പെട്ടാല്‍ ശബ്ദം സത്യസാക്ഷ്യമാണ്. ഈശ്വരസ്വരൂപം ഈശ്വരനേ ശരിയായി അറിയാവൂ. വെളിപ്പെട്ടു കിട്ടുന്നത് ഈശ്വരനില്‍നിന്നുതന്നെ എന്ന് ഉറപ്പായാല്‍, പറയപ്പെട്ട അറിവു സത്യമായി. അസുരന്മാരോ ദേവന്മാരോ ഒന്നും അങ്ങയെ അറിയുന്നില്ല.
കാരണം, അജനും അവര്‍ക്കെല്ലാം ആദിയും ആണല്ലോ അങ്ങ്. അതിനാല്‍ അവര്‍ പറയുന്നത് പ്രമാണമാക്കാന്‍ വയ്യ.ദേവന്മാര്‍, അസുരന്മാര്‍ എന്ന വാക്കുകള്‍ക്ക് രണ്ടു തലങ്ങളില്‍ അര്‍ഥം കല്പിക്കാം. സല്‍ക്കര്‍മങ്ങള്‍ അഥവാ ഹിതം ചെയ്യുന്നവര്‍ ദേവന്മാരെന്നും ദുഷ്‌കര്‍മങ്ങള്‍ അഥവാ അഹിതം ചെയ്യുന്നവര്‍ അസുരന്മാര്‍ എന്നും കരുതിയാല്‍ ഒരു കൂട്ടര്‍ ബന്ധുക്കളും മറ്റേ കൂട്ടര്‍ ശത്രുക്കളും ആയിത്തീരുന്നു. അവര്‍ക്ക് പ്രിയവും അപ്രിയവും ഉള്ളതുകൊണ്ട്, അതായത് അവര്‍ ഇരുകൂട്ടരും ദ്വന്ദ്വങ്ങളില്‍ അഭിരമിക്കുന്നവരായതിനാല്‍, അവരാരും പരമാത്മസ്വരൂപത്തെ അറിയുന്നില്ല.
മറ്റൊരു തലത്തില്‍, അതായത് വൈദികസംസ്‌കാരത്തിന്റ നേതാക്കളെ ദേവന്മാരെന്നും പ്രാഗ്‌വൈദികസംസ്‌കാരത്തിന്റെ നേതാക്കളെ അസുരന്മാരെന്നും വിചാരിച്ചാല്‍, ചരിത്രപരമായ ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നു. ഗീത ഈ രണ്ടു സംസ്‌കാരങ്ങളുടെ എന്നപോലെ അവയ്ക്കു മുമ്പെ വേരുപിടിച്ചിരുന്ന ആദിശൈവജ്ഞാനത്തിന്റെകൂടി പുനഃപ്രവചനമായിരിക്കുന്നതിനാല്‍ ദേവന്മാര്‍ക്കോ ദാനവര്‍ക്കോ അതിനെ ശരിയായി പ്രതിനിധീകരിക്കാനാവില്ല. മൂന്നിനെയും സമഞ്ജസമായി സമന്വയിപ്പിച്ചാലേ ഗീതയിലെ പരമാത്മസ്വരൂപചിത്രം പൂര്‍ത്തിയാവൂ.
(തുടരും)





