
ഗീതാദര്‍ശനം - 315
Posted on: 26 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവമജം വിഭും
ആഹുസ്ത്വാമൃഷയഃ സര്‍വേ
ദേവര്‍ഷിര്‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ
സ്വയം ചൈവ ബ്രവീഷി മേ
അര്‍ജുനന്‍ പറഞ്ഞു:
പരബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അങ്ങ്. ശാശ്വതവും ദിവ്യവുമായ പുരുഷന്‍, ആദിദേവന്‍, ജനനരഹിതന്‍, സര്‍വവ്യാപി എന്നെല്ലാം സര്‍വ ഋഷിമാരും ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും അങ്ങയെ പറയുന്നു. അങ്ങ് സ്വയവും ഇപ്പോള്‍ എന്നോട് അങ്ങനെ പറയുന്നു.
ഇതുവരെ കിട്ടിയ അറിവിന്റെയും ശിക്ഷണത്തിന്റെയും വെളിച്ചത്തില്‍ അര്‍ജുനന്‍ വലിയൊരു തിരിച്ചറിവിലെത്തുന്നു. തന്റെ കളിക്കൂട്ടുകാരനും സമവയസ്‌കനും സൂത്രക്കാരനായ ബന്ധുവും മാത്രമായി ഇതുവരെ കരുതിയ യാദവകൃഷ്ണനില്‍ പരമാത്മാവിനെ കാണുകയാണ്. പൂര്‍വികരായ മഹാത്മാക്കള്‍ പണ്ടേ അര്‍ജുനന്റെ മനസ്സില്‍ പാകിയതാണ് ഈ തിരിച്ചറിവിന്റെ വിത്ത്. ഇപ്പോഴേ മുളയ്ക്കുന്നുള്ളൂ എന്നു മാത്രം. ഭീഷ്മരുടെ വംശജന്‍ എന്ന നിലയിലും വൈദികബ്രാഹ്മണനായ ദ്രോണരുടെ ശിഷ്യനെന്ന നിലയിലും പൂര്‍വികരുടെ വാക്കുകള്‍ അര്‍ജുനന് പണ്ടേ പരിചയമുണ്ടല്ലോ. (ഇവിടെ ദേവര്‍ഷിമാരുടെ പ്രതിനിധിയായി നാരദന്‍ മാത്രമേ ഉള്ളൂ എന്നതും അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നിവര്‍ പ്രാഗ്‌വൈദികരായ ആദിമവംശക്കാരാണെന്നതും ശ്രദ്ധേയമാണ്.)
ഇവരൊക്കെ മുമ്പേ അരുളിച്ചെയ്തത് ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നതുകൊണ്ട് ബോധ്യമായി എന്നല്ല വിവക്ഷ. തനിക്ക് ഈ ഘട്ടത്തില്‍ സ്വയമേവ ബോധ്യമായ കാര്യം പണ്ടേ ഇവരെല്ലാം പറഞ്ഞതാണെന്നും ഇപ്പോള്‍ ഭഗവാന്‍ നേരിട്ടുകൂടി പറയുന്നല്ലോ എന്നുമുള്ള ആശ്ചര്യം നിറഞ്ഞ കണ്ടെത്തലാണ് കാവ്യഹൃദയം. അതായത് വെറും ഉണക്ക അറിവു മാത്രമായിരുന്നത് അനുഭവംകൂടി ആയിരിക്കുന്നു എന്ന പുളകം. ഇതോടെ അപൂര്‍വമായ പ്രേമവും ആരാധനയും അര്‍ജുനന്റെ മനസ്സില്‍ ഉരുള്‍പൊട്ടുന്നു.
ഇപ്പോഴും അര്‍ജുനനിലെ ജ്ഞാനദീപം പരമാത്മസ്വരൂപത്തില്‍നിന്ന് ഭിന്നമാണെന്ന സൂചനകൂടി ഉണ്ട്. തികഞ്ഞ തന്മയീഭാവത്തോടെയുള്ള പ്രേമാരാധനകള്‍ രണ്ടെന്നില്ലാത്ത സച്ചിദാനന്ദത്തില്‍ പര്യവസാനിക്കുമല്ലോ. അത്രയ്ക്കായില്ല. അങ്ങോട്ടുള്ള യാത്ര സമംഗളം തുടങ്ങിയേ ഉള്ളൂ.
ഗീതാകാവ്യത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് വ്യാസര്‍ ഇവിടെ ഭംഗ്യന്തരേണ അടയാളപ്പെടുത്തുന്നുമുണ്ട്. പുനരാലോചനയുടെ മുന്‍കരുതലും അനുഭവത്തിന്റെ ജൈവാംശവും പുരാതന പാഠങ്ങളുടെ സ്വാംശീകരണത്തില്‍ നിര്‍ണായകഘടകങ്ങളാക്കുക എന്നതുതന്നെയാണ് അത്. ബ്രഹ്മസൂത്രത്തിലോ ഉപനിഷത്തുകളിലോ ഉള്‍പ്പെടാത്ത ഒരു പുതിയ പാഠവും ഗീത അവതരിപ്പിക്കുന്നില്ല. പുരാതനപാഠങ്ങളെ സംസ്‌കരിക്കുകയും അവയ്ക്ക് അനുഭവത്തിന്റെ ജീവന്‍ നല്കുകയും മാത്രം ചെയ്യുന്നു.
ശുഷ്‌കസത്യം അനുഭവസത്യമായി മാറിയെന്ന് അര്‍ജുനന്‍ സാക്ഷ്യപ്പെടുത്തുന്നു:
(തുടരും)





