githadharsanam

ഗീതാദര്‍ശനം - 314

Posted on: 24 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


തേഷാമേവാനുകമ്പാര്‍ഥം
അഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥഃ
ജ്ഞാനദീപേന ഭാസ്വതാ

അവരെ അനുഗ്രഹിക്കുന്നതിനായിട്ടുതന്നെ ഞാന്‍ അവരുടെ ബുദ്ധിയിലിരുന്നുകൊണ്ട് (അവരില്‍) അറിവില്ലായ്മകൊണ്ടുണ്ടായിട്ടുള്ള ഇരുട്ടിനെ, പ്രകാശിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനദീപത്താല്‍ നശിപ്പിക്കുന്നു.

നാം ഇരുളിലാണെന്നും അപ്പുറത്ത് വെളിച്ചമുണ്ടെന്നുമുള്ള തിരിച്ചറിവാണ് തുടക്കം. വെളിച്ചത്തിലേക്കുള്ള വഴി കാണാനും വേണമല്ലോ ഇത്തിരി വെട്ടം. അപ്പോഴാണ് നാം അറിയുന്നത്, ആ വെളിച്ചം എങ്ങുമുള്ളതാണ്, നമ്മിലുമുണ്ട്, അറിവില്ലായ്മകൊണ്ട് കാണാതിരുന്നതാണ് എന്ന്. അകത്തുള്ള ആ വിളക്കന്വേഷിക്കുമ്പോള്‍ ആദ്യം കാണുന്നത് അതിന്റെ വെട്ടത്തിന്റെ ഇത്തിരി മാത്രം. കാണെക്കാണെ ആ വെട്ടം വലുതായി എങ്ങും നിറഞ്ഞ പ്രകാശവുമായി താദാത്മ്യം പ്രാപിക്കുന്നു. അതോടെ, അറിവില്ലായ്മയുടെ ഇരുട്ട് അപ്പടി നീങ്ങിക്കിട്ടുന്നു. അതാണ് നമ്മുടെ എത്തിച്ചേരല്‍.

പരമമായ അറിവ് നമ്മില്‍ കുടികൊള്ളുന്നു. പക്ഷേ, 'മണ്‍കുടത്തിലെരിയുന്ന മണിപ്രദീപം' എന്ന സ്ഥിതിയിലാണ് നമ്മില്‍ മിക്കവരിലും അത്. ഒന്നു ഞേടി ഒരു തുളയുണ്ടാക്കാന്‍ പറ്റിയാല്‍ ശേഷം മുറപോലെ നടന്നോളും. ആ തുളയിലൂടെ വരുന്ന വെളിച്ചംതന്നെ മണ്‍കുടത്തിന്റെ ബാക്കി ഭാഗങ്ങള്‍ നമുക്കു നന്നായി കാണിച്ചു തരും. മാത്രമല്ല, ജീവിതയാത്രയില്‍ ഏതു ദിശയിലാണ് നമുക്കു പോകാനുള്ളതെന്നുകൂടി ആ വെളിച്ചത്തില്‍ കാണാറാവും. നട്ടംതിരിച്ചില്‍ അവസാനിക്കും.

പരമാത്മാവിന്റെ അനുഗ്രഹം അഥവാ അനുകമ്പ സവിശേഷമായി ചിലരില്‍ ഉണ്ടാകുമോ എന്നു സംശയിക്കേണ്ട. ആ അനുഗ്രഹം അഥവാ അനുകമ്പ പ്രപഞ്ചം മുഴുക്കെ നിറഞ്ഞു നില്‍ക്കുന്നു. അതിനു നാം പാത്രമായിത്തീരണോ വേണ്ടയോ എന്ന് നാംതന്നെ നിശ്ചയിച്ചാല്‍ മതി. ''എന്നെ തല്ലണ്ട, അമ്മാമാ, ഞാന്‍ നേരെയാവില്ല'' എന്നാണ് നിലപാടെങ്കില്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയെന്ത്!

അകത്തെ വിളക്കിന്റെ സാന്നിദ്ധ്യം വെളിപ്പെട്ടാല്‍ അതിനെ നന്നായി എരിയിക്കാന്‍കൂടി നാം ശ്രമിക്കേണ്ടതുണ്ട്. ആ വിളക്കിനെ ആചാര്യസ്വാമികള്‍ വിസ്തരിച്ച് വര്‍ണിക്കുന്നുണ്ട്: ''ഭക്തികൊണ്ട് സിദ്ധിച്ച ഈശ്വരപ്രസാദമാണ് ജ്ഞാനദീപത്തിലെ എണ്ണ. ബ്രഹ്മചര്യം മുതലായ സാധനകളുടെ സംസ്‌കാരത്താല്‍ ഉണ്ടായ പ്രജ്ഞ അതിലെ തിരിയാണ്. അഭിനിവേശത്തോടെ ചെയ്യുന്ന ഈശ്വരധ്യാനം ദീപത്തെ പ്രകാശിക്കാന്‍ സഹായിക്കുന്ന വായു.... ഇന്ദ്രിയസുഖങ്ങളില്‍ വിരക്തിയോടെ ഇരിക്കുന്ന അന്തഃകരണമത്രേ ആ ദീപത്തിന് ആധാരം.... നിത്യം ശീലിക്കപ്പെടുന്ന ഏകാഗ്രധ്യാനത്തില്‍നിന്നുണ്ടായ സമ്യഗ്ദര്‍ശനത്തില്‍ ആ ദീപം സദാ പ്രകാശിച്ചുകൊണ്ടേ ഇരിക്കുന്നു.''
ഇത്രയുമായപ്പോഴേക്ക് അര്‍ജുനനിലെ 'ദീപം' തെളിയുന്നു.

(തുടരും)



MathrubhumiMatrimonial