
ഗീതാദര്‍ശനം - 313
Posted on: 23 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
തേഷാം സതതയുക്താനാം
ഭജതാം പ്രീതിപൂര്‍വകം
ദദാമി ബുദ്ധിയോഗം തം
യേനമാമുപയാന്തി തേ
സദാ എന്നില്‍ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ ഭജിക്കുന്നവര്‍ക്ക് എന്നെ പ്രാപിക്കുന്നതിനാവശ്യമായ ബുദ്ധിയോഗത്തെ ഞാന്‍ നല്‍കുന്നു.
പരമാത്മസ്വരൂപത്തെക്കുറിച്ചുള്ള ശരിയായ അറിവ് വളരെ ദുര്‍ലഭമാണ് എന്ന് നേരത്തേ പറഞ്ഞു. ഏതാണ്ടൊക്കെ അറിഞ്ഞാല്‍ ആ അറിഞ്ഞതിനെ പ്രേമവായ്‌പോടെ സമീപിച്ചാണ് കൂടുതലായി അറിയേണ്ടത്.
അറിവും അന്വേഷകനും തമ്മിലുള്ള പാരസ്പര്യത്തിന്റെ പൊരുളാണ് ഇത്. പരമമായ അറിവ് പരമാത്മാവുതന്നെയാണ്. അത് നിത്യവും അനാദിയുമാണ്. നമുക്ക് അതുമായുള്ള ബന്ധമാണ് ആള്‍ത്തരംപോലെയും പരിശ്രമത്തിനൊത്തും ഏറിയും കുറഞ്ഞും ഇരിക്കുന്നത്. അന്വേഷകനും അറിവിന്റെ ഭാഗമായതിനാല്‍ അന്വേഷണത്തിന്റെ വിജയമെന്നത് അന്വേഷകന്‍ അറിവുതന്നെ ആയിത്തീരലാണ്. അറിയുന്നവനും അറിവും തമ്മിലുള്ള അന്തരംപോലും അവസാനം ഇല്ലാതാകുന്നു. ഈ അവസ്ഥയിലെത്താന്‍ വ്യക്തിസത്ത മൊത്തമായി പരിണമിക്കണം. നിരുപാധികമായ പ്രേമമാണ് ഈ പരിണാമത്തിനുള്ള ഇന്ധനം. അറിഞ്ഞറിഞ്ഞ് പ്രേമിക്കാം, പ്രേമിച്ചുപ്രേമിച്ച് അറിയുകയുമാവാം. ഏതു വഴി ആയാലും ചെറുതായി തുടക്കംകുറിച്ചുകഴിഞ്ഞാല്‍ പിന്നെ ആ അറിവുതന്നെ മതിയായ പ്രചോദനമാവുന്നു.
മറ്റുള്ളവര്‍ക്കില്ലാത്ത സിദ്ധികള്‍ നേടാനുള്ള ഉപാധിയായല്ല ഗീത ഈശ്വരസേവയെയും ഈശ്വരാന്വേഷണത്തെയും അവതരിപ്പിക്കുന്നത്. ആത്മസാക്ഷാല്‍ക്കാരത്തിലേക്കുള്ള വഴിയായാണ്. ബുദ്ധിയത്രെ മനുഷ്യനു കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളില്‍ ഏറ്റവും വലുത്. ആ ബുദ്ധി ശരിയായി പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ പരമാത്മസ്വരൂപത്തിലെത്തിയേ നില്‍ക്കൂ. വഴിയിലെ ബാധകളില്‍നിന്ന് ഒഴിവാകാന്‍ വെളിച്ചമാകേണ്ടതും ആ ബുദ്ധി മാത്രം. ഗതി ശരിയായാല്‍ പിന്നെ മുന്നേറാനുള്ള ആവേശം ഈശ്വരപ്രേമംതന്നെ. അങ്ങെത്തിയാല്‍ സച്ചിദാനന്ദമല്ലാതെ ഒരു ട്രോഫിയും കിട്ടാനില്ല. ഇടതടവില്ലാത്ത ആ ആനന്ദംതന്നെ അമരത്വം. മരിച്ചാലേ അതൊക്കൂ എന്നില്ല. പ്രാപഞ്ചികമായ മരണവുമായി അതിന് ഒരു ബന്ധവുമില്ല.ആത്മാന്വേഷണത്തിന്റെ പാതയില്‍ എവിടന്ന് എന്തു വെളിച്ചം കിട്ടുമെന്ന് തെളിച്ചു പറയുന്നു-
(തുടരും)





