
ഗീതാദര്‍ശനം - 312
Posted on: 21 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
മച്ചിത്താ മദ്ഗതപ്രാണാഃ
ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച
എന്നില്‍ത്തന്നെ മനസ്സുറപ്പിച്ച് പ്രാണങ്ങളെ എന്നില്‍ ചേര്‍ത്ത് (ഇന്ദ്രിയവൃത്തികളെല്ലാം എനിക്കര്‍പ്പിച്ച്) പരസ്പരം എന്നെപ്പറ്റിത്തന്നെ ബോധിപ്പിച്ചുകൊണ്ടും (എന്നെ) പ്രകീര്‍ത്തിച്ചും (അവര്‍) എപ്പോഴും രസിച്ചും രമിച്ചുമിരിക്കുന്നു.
ഈശ്വരനിലും സ്വജീവനിലുമുള്ള സത്ത ഒന്നുതന്നെ എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ തന്റെ മനസ്സിലും ബുദ്ധിയിലും എന്തെന്ത് വികാരവിചാരങ്ങള്‍ ഉടലെടുത്താലും ഒരു ചുവട് പിന്മാറി അവയ്ക്കു പിന്നിലുള്ള ബോധസത്തയില്‍ നിരന്തരം മനസ്സുറപ്പിച്ചു നില്‍ക്കാന്‍ സത്യാന്വേഷിക്ക് ക്ലേശമുണ്ടാവില്ല. ഇടതടവില്ലാത്ത ആ പരംപൊരുളോര്‍മയെയാണ് മച്ചിത്താ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതുപോലെ, പഞ്ചേന്ദ്രിയങ്ങള്‍ ഏതെല്ലാം കൊള്ളക്കൊടുക്കലുകളില്‍ ഏര്‍പ്പെടുമ്പോഴും ഏതു വിഷയവുമായുള്ള സംയോഗത്തിലും അതിനെ പ്രകാശിപ്പിക്കുന്ന ബോധസത്തയെ ഓര്‍മിക്കുന്ന ശീലമുള്ളവരെയാണ് മദ്ഗതപ്രാണന്മാര്‍ എന്നു വിശേഷിപ്പിക്കുന്നത്.
ഒരേ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സമ്മേളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആശയവ്യക്തത അന്യൂനമായിക്കിട്ടുന്നു. ഇത് ബ്രഹ്മവിദ്യ പരിശീലിക്കുന്നവര്‍ക്ക് പ്രധാനമായ ചര്യയായി ഗണിക്കപ്പെടുന്നു. (കമ്പൈന്‍ഡ് സ്റ്റഡി എല്ലാ വിദ്യക്കാരും പതിവാണല്ലോ.) (തത് ചിന്തനം തത്കഥനം അന്യോന്യം തത് പ്രബോധനം ഏകദേകപരത്വം ച ബ്രഹ്മാഭ്യാസം വിദുര്‍ബുധാഃ - പഞ്ചദശി 7, 106.)
(കളിക്കുമ്പോഴെന്നപോലെ) രസിക്കുന്നു, രമിക്കുന്നു എന്നതിലെ 'കളി'യും 'രതി'യും ലൗകികാര്‍ഥത്തിലുള്ളതല്ല. പരംപൊരുളുമായുള്ള ഒളിച്ചുകളിയുടെ രസവും പരംപൊരുളിന്റെ അല്പസ്പര്ശം ലഭിക്കുമ്പോഴുള്ള ഉപരതിയുമാണ്. രണ്ടും അവാച്യമായ ആനന്ദാനുഭൂതികളാണ്, ദുഃഖസംയോഗവിയോഗങ്ങളാണ്. ഈ അനുഭൂതിയും രതിയും രുചിച്ചവര്‍ക്ക് പിന്നെ സങ്കടമെന്ന ഒന്ന് ഇല്ലേ ഇല്ല. പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ ലഹരിയാണത്. ഇതൊരു വെറും മനോവിഭ്രാന്തി (hallucination) അല്ലെന്നതിന് തെളിവ് ശ്രീരാമകൃഷ്ണപരമഹംസരെപ്പോലെ ഉള്ളവരുടെ സാക്ഷ്യം തന്നെ.
പരമാത്മപ്രേമികളെപ്പറ്റി ജ്ഞാനേശ്വര്‍ മഹാരാജ് ഇങ്ങനെ പറയുന്നു: ''മേഘജ്യോതിസ്സ് നാലു ദിക്കിലേക്കും അതിന്റെ പ്രഭയെ വികിരണം ചെയ്യുന്നതുപോലെ അവരറിഞ്ഞ സത്യം അവര്‍ എല്ലാ ലോകത്തിനുമായി പറയുന്നു. ഉല്‍ഫുല്ലമായ താമരയ്ക്ക് അതിന്റെ സൗരഭ്യത്തെ ഉള്ളിലടക്കാന്‍ കഴിയാത്തതുപോലെ, ഈ സൂരികള്‍ പണ്ഡിതനും പാമരനും കുചേലനും രാജാവിനും ഒരുപോലെ അവരുടെ നിരതിശയമായ ആനന്ദത്തെ വിളമ്പിക്കൊടുക്കുന്നു. ദിനരാത്രങ്ങള്‍ കഴിഞ്ഞുപോകുന്നത് ഈ ആഹ്ലാദത്തിമിര്‍പ്പില്‍ അവര്‍ അറിയുന്നേയില്ല. ആത്മപുഷ്ടികൊണ്ട് അവര്‍ ആത്മാരാമന്‍മാരായി ഭവിച്ചിരിക്കുന്നു.''
അറിഞ്ഞ് ആസ്വദിക്കുന്നവരുടേതാണ് ഈ വഴി. ആസ്വാദനത്തിലൂടെ അറിയുക എന്ന മറ്റൊരു വഴികൂടി ഉണ്ട്.
(തുടരും)





