
ഗീതാദര്‍ശനം - 311
Posted on: 20 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
അഹം സര്‍വസ്യ പ്രഭവഃ
മത്തഃ സര്‍വം പ്രവര്‍ത്തതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാഃ
എല്ലാറ്റിന്റെയും ഉദ്ഭവസ്ഥാനം ഞാനാണെന്നും എന്നില്‍നിന്ന് എല്ലാം പ്രവര്‍ത്തിക്കുന്നു എന്നുമുള്ള തരത്തില്‍ (കാര്യം) മനസ്സിലാക്കിയിട്ട് ബുദ്ധിമാന്മാര്‍ പരമപ്രേമവായ്‌പോടെ എന്നെ ഭജിക്കുന്നു.
ബുദ്ധിമാന്മാര്‍ രണ്ടു കാര്യങ്ങള്‍ ഒപ്പം ചെയ്യുന്നു. ഒന്ന്, പ്രപഞ്ചത്തില്‍ എല്ലാറ്റിന്റെയും ഉറവിടം പരംപൊരുളാണെന്നും അതില്‍നിന്നാണ് എല്ലാ പരിണാമങ്ങളും സംഭവിക്കുന്നതെന്നും തിരിച്ചറിയുന്നു. രണ്ട്, ആ പരംപൊരുളിനെ പ്രേമവായ്‌പോടെയും തികഞ്ഞ അര്‍പ്പണഭാവത്തോടെയും ഭജിക്കുന്നു.
അന്വേഷകന്‍ അന്വേഷണവിഷയത്തോട് വൈകാരികമായി ഇടപഴകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കില്ലേ എന്ന് സംശയം വേണ്ട. കാരണം, അന്വേഷണം കഴിഞ്ഞാണ് വൈകാരികമായ ബന്ധം. അന്വേഷിച്ചു കണ്ടെത്തിയതിനെ സാക്ഷാത്കരിക്കാന്‍ വേറെ വഴിയൊന്നും ഇല്ല.
നടരാജഗുരു പറയുന്നു: ''വെറും ബുദ്ധികൊണ്ട് മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ സ്ഥൈതികമായ വിഷയങ്ങളിലെ പ്രയോജനം മാത്രമേ ഗണിക്കുന്നുള്ളൂ. എന്നാല്‍ ധ്യാനാത്മകമായ അനുഭൂതിയെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക്, വിശ്വത്തിന്റെ സാര്‍വത്രികമായ പരിവര്‍ത്തനത്തില്‍, അതില്‍നിന്നും ഭേദിക്കാനാവാത്ത ഒരു താദാത്മ്യബുദ്ധി ഉണ്ടായി, ഭാവസമന്വിതത്വം അനുഭവിക്കാന്‍ ഇടയാകും.''
പരമതത്ത്വത്തിന്റെ ഏകത്വമെന്നതിലേറെ ഈ പദ്യം ഊന്നുന്നത് ആ ഏകത്വം സര്‍വേശ്വരനാണെന്ന വസ്തുതയിലാണെന്ന് ഡോ. രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഈശ്വരന്റെ ശക്തിയും സൗന്ദര്യവും വാത്‌സല്യവും അറിയാനിടയാകുന്നതോടെ നമ്മുടെ മനസ്സ് അത്യാനന്ദകരമായ അനുഭൂതിയിലെത്തുന്നു എന്ന് ശ്രീരാമാനുജന്‍ സാക്ഷ്യപ്പെടുത്തുന്നു.
സയന്‍സിലെ അന്വേഷകന്‍ നിഷ്പക്ഷമതിയായ നിരീക്ഷകനായി ലോകത്തെ പുറമെ നിന്ന് കാണുകയേ ചെയ്യുന്നുള്ളൂ. ഇവിടെ പറയുന്ന സത്യാന്വേഷിയാകട്ടെ അന്വേഷണവിഷയമായ സത്യത്തിന് പുറത്തല്ല. വിശ്വസംവിധാനത്തില്‍ അവന്‍കൂടി പങ്കാളിയാണ്. ആ പങ്കാളിത്തത്തിന്റെ ശരിയായ നിര്‍വഹണത്തില്‍ അവന്റെ വിചാരമെന്നപോലെ വികാരവും പ്രവര്‍ത്തിക്കണം. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷകന്‍ അന്വേഷണവസ്തുവുമായി താദാത്മ്യം പ്രാപിച്ചേ തീരൂ. അതിനുള്ള ഒരേയൊരു വഴി സകല പ്രാണപ്രവര്‍ത്തനങ്ങളെയും അതിലേക്ക് തിരിച്ചുവിടുകയാണ് - ഇനി പറയുംപടി.
(തുടരും)





