githadharsanam

ഗീതാദര്‍ശനം - 310

Posted on: 19 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


ഏതാം വിഭൂതിം യോഗം ച
മമ യോ വേത്തി തത്ത്വതഃ
സോ fവികമ്പേന യോഗേന
യുജ്യതേ നാത്ര സംശയഃ
എന്റെ ഈ (വിവിധങ്ങളായ) സൃഷ്ടികളെയും (അവയോടുള്ള) എന്റെ ചേര്‍ച്ചയെയും ആര്‍ നേരേചൊവ്വേ അറിയുന്നുവോ അവന്‍ ഇളകാത്ത ആത്മസ്വരൂപൈക്യത്തില്‍ നിലയുറച്ചവനായിത്തീരുന്നു. ഇക്കാര്യത്തില്‍ സംശയമേ ഇല്ല.
അനന്തവും അതിസങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തെയും അതിലെ സൃഷ്ടികളുമായി പരമാത്മാവ് എവ്വിധമുള്ള ചാര്‍ച്ചയും ചേര്‍ച്ചയുമാണ് പുലര്‍ത്തുന്നതെന്നും ശരിയായി അറിഞ്ഞ ആള്‍ അതേ തരത്തിലുള്ള ചാര്‍ച്ചയെയും ചേര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തി സാരൂപ്യം പ്രാപിക്കുന്നു. നിലനില്‍പ്പിന്റെ തുടക്കവും നടുവും ഒടുവും മാത്രമല്ല ഊടും പാവും അയാള്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യക്ഷമായ പ്രപഞ്ചത്തിലെ വൈരുദ്ധ്യാത്മകതയെ സമഭാവനകൊണ്ടും യജ്ഞസങ്കല്പത്തോടെയുള്ള കര്‍മംകൊണ്ടും പരംപൊരുളിലുള്ള തികഞ്ഞ സമര്‍പ്പണംകൊണ്ടും മറികടന്ന അയാളുടെ ഇരിപ്പ് സ്വാഭാവികമായും അചഞ്ചലമാണ്.ഇവിടെയുമുണ്ട് ഒരു വന്‍ തിരുത്തലിനുള്ള കാഹളംവിളി. മനുഷ്യന്റെ പേടിയും പ്രതീക്ഷയും ഒക്കെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു ഭരിക്കുന്ന നിയാമകശക്തിയില്‍ ആരോപിച്ച് അവയെ ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടേ എണ്ണിപ്പോന്നിരുന്നു. ('ദൈവം' എന്നു നാം മലയാളമായി ഉപയോഗിക്കുന്ന വാക്കിന്റെ അര്‍ഥം തന്നെ 'വിധി' എന്നാണ്.) മനുഷ്യസഹജങ്ങളായ വികാരങ്ങളുള്ള ദൈവത്തെ സങ്കല്പിച്ച് നേര്‍ച്ചകളും ബലികളും യാഗങ്ങളും യജ്ഞങ്ങളും പതിവായി. എല്ലാ പ്രതീകങ്ങളെയും പ്രതിരൂപങ്ങളെയും കവിസങ്കല്പങ്ങളെയും ദൈവങ്ങളാക്കുകയും ചെയ്തു. ദൈവങ്ങളുടെ എണ്ണം പെരുകിയതോടെ വിവിധദൈവങ്ങളുടെ ആശ്രിതര്‍ തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷവും നിത്യപ്പതിവായി. അയല്‍പക്കത്തെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നില്‍ ഒരു തിരി കത്തിക്കാത്തവന്‍ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പൊരിവെയിലില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കും. കിടപ്പാടമില്ലാതെ പട്ടിണിക്കോടികള്‍ അപ്പുറത്തുണ്ടെന്നിരിക്കെ കോടാനുകോടികള്‍ ചെലവാക്കി ആരാധനാലയങ്ങള്‍ പണിയും. രാവിലെ നട തുറന്നാല്‍ ദൈവത്തെ ആദ്യം കാണുന്നത് താനായിരിക്കാന്‍ അടിയുമിടിയും പ്രയോഗിക്കും, തിക്കിത്തിരക്കില്‍ മരിക്കും.
ജീവന് ശരീരം എങ്ങനെയോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത എന്ന് ശ്രീരാമാനുജന്‍ പറയുന്നു. അതിനാല്‍, ഇളകാത്ത യോഗി പ്രപഞ്ചത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്. എങ്ങനെ എന്നാല്‍ -
(തുടരും)



MathrubhumiMatrimonial