
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍
Posted on: 18 Aug 2009
വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ, അതിലപ്പുറം ഞങ്ങള്‍ക്കൊരു സ്വകാര്യനിധിയുണ്ട് -അച്ഛന്റെ ഡയറിക്കുറിപ്പുകള്‍
എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര സംസാരിക്കുന്നു
''ആരാധകരുടെ പ്രശംസാവചനങ്ങളില്‍, പുസ്തകത്തിന്റെ പകര്‍പ്പവകാശം കൈപ്പറ്റുമ്പോള്‍, പഴയ ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ അങ്ങനെ പല രീതിയിലാണ് അച്ഛന്റെ ഓര്‍മകള്‍ ഞങ്ങളെ തേടിയെത്തുന്നത്''-ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഇളയ മകള്‍ സുമിത്ര.

പ്രിയപ്പെട്ടവര്‍ നമുക്കൊപ്പം തന്നെയുള്ളപ്പോള്‍ അവരെപ്പറ്റി നാം പ്രത്യേകിച്ച് ഓര്‍മിക്കാറില്ല. അത് ജീവിതത്തിന്റെ ഒരു ഭാഗമായങ്ങനെ പോവും. പക്ഷേ, വേര്‍പാടിന് ശേഷം ഓര്‍മകളില്‍ അവര്‍ പുനര്‍ജനിക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ വിലയറിയുന്നത്. ''വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ, അതിലപ്പുറം ഞങ്ങള്‍ക്കൊരു സ്വകാര്യനിധിയുണ്ട്-അച്ഛന്റെ ഡയറിക്കുറിപ്പുകള്‍.''
അക്ഷരങ്ങളുടെ കുനുകുനുപ്പില്‍ കാലം ഉറങ്ങിക്കിടക്കുന്ന ആ ഡയറിക്കുറിപ്പുകളും വായനക്കാര്‍ക്ക് തന്നുകൂടേ എന്നു ചോദിക്കുമ്പോള്‍ സുമിത്ര പറയുന്നത് ഇങ്ങനെയാണ്: ''അതില്‍ സ്വകാര്യവും വ്യക്തിപരവുമായ ഒരുപാട് കാര്യങ്ങള്‍ കടന്നുവരുന്നുണ്ട്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചിലരെ നോവിച്ചേക്കാവുന്ന കാര്യങ്ങള്‍വരെ അതില്‍ കണ്ടേക്കാം. അത് പ്രസിദ്ധീകരിക്കുന്നത് അച്ഛനോടു ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. അതുകൊണ്ടാണ് പലരും ആവശ്യപ്പെട്ടിട്ടും ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞത്.''
തിരക്കുകള്‍ക്കിടയിലും ഒരു ദിവസവും മുടങ്ങാതെ എഴുതാറുണ്ടായിരുന്നോ?

''അച്ഛന് ഞങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറഞ്ഞുതന്നിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായിരുന്നു ആ മനസ്സില്‍. പക്ഷേ, ആ കഥകളെക്കാള്‍ ഇന്നെനിക്ക് പ്രിയപ്പെട്ടതായി തോന്നുന്നത് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ്. അത് വായിക്കുമ്പോള്‍ ആ കാലം കണ്‍മുന്നില്‍ എത്തും.''
അതിലേറ്റവും പ്രിയപ്പെട്ട ഭാഗം?
''അച്ഛന്‍ എന്നെക്കുറിച്ചെഴുതിയ ഭാഗങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്. ഞാന്‍ ഭര്‍ത്താവുമൊത്ത് ആദ്യമായി വീട്ടില്‍ വന്ന ദിവസമൊക്കെ അതില്‍ എഴുതിയിട്ടുണ്ട്. അതുപോലെ അമ്മയുടെ പെട്ടെന്നുള്ള മരണം അച്ഛനെയും ഞങ്ങളെയും ഒരുപോലെ തളര്‍ത്തിയ സംഭവമാണ്. ''ജയ കൂടെയില്ലാത്ത ആദ്യദിവസം'' എന്ന് എഴുതിത്തുടങ്ങിയ ആ ഭാഗം വായിക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും. അമ്മയെപ്പറ്റി അച്ഛന്‍ 'ജയ' എന്ന പേരിലൊരു കവിതയും എഴുതിയിട്ടുണ്ട്.''
''അമ്മയെ കണ്ടെത്തിയ കാര്യവും രസകരമാണ്. ദേശത്തിന്റെ കഥയില്‍ വിദേശയാത്രക്കിടയില്‍ 'എമ്മ' എന്നൊരു വിദേശയുവതി അച്ഛനെ പ്രണയാഭ്യര്‍ഥനയുമായി സമീപിച്ചതിന്റെ രംഗമുണ്ട്. അവളെ കല്യാണം കഴിച്ചവിടെ സ്ഥിരതാമസമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്‍ കൂട്ടാക്കാതെ പോരുകയായിരുന്നു. ഈ സമയം മാഹി ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപം ഒരു വീട്ടില്‍ നീലക്കണ്ണും ചുരുണ്ട മുടിയുമുള്ള ഒരു പെണ്‍കുട്ടി തന്റെ ഭാവിവരനെയും സ്വപ്നംകണ്ട് കാത്തിരിപ്പുണ്ടായിരുന്നു എന്നാണ് ആ സന്ദര്‍ഭത്തെക്കുറിച്ച് അച്ഛന്‍ എഴുതിയത്.''
''പിന്നീട് തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ പോയപ്പോള്‍ കാറ്റില്‍ നഷ്ടപ്പെട്ട ബലൂണ്‍ ഓടിപ്പിടിക്കാന്‍ ഒരു കൊച്ചുകുട്ടിയെ സഹായിക്കുന്ന പെണ്‍കുട്ടിയെ കണ്ട് ഇഷ്ടം തോന്നിയാണ് അച്ഛന്‍ അമ്മയെ ആലോചിക്കുന്നത്. മറ്റൊരു പൊറ്റെക്കാട്ട് രംഗത്തെത്തി കല്യാണത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതുമെല്ലാം ആ ഡയറിത്താളുകളിലൂടെയാണ് ഞങ്ങളറിയുന്നത്.ജ്ഞാനപീഠം കിട്ടിയ കാലത്ത് 'മാതൃഭൂമി' അച്ഛന് ഗംഭീരമായൊരു സ്വീകരണം നല്‍കിയിരുന്നു. അന്ന് അച്ഛനോടൊപ്പം ഞാനും ഭര്‍ത്താവ് ജയപ്രകാശും പങ്കെടുത്തു. അച്ഛനോടൊപ്പമുള്ള മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളിലൊന്നാണത്. തന്റെ ആദ്യത്തെ കഥ 'വൈദ്യുത ശക്തി' പ്രസിദ്ധപ്പെടുത്തിയതും കഥാകൃത്തെന്ന നിലയില്‍ ആദ്യത്തെ അംഗീകാരം ലഭിച്ചതും ആദ്യപ്രതിഫലം കിട്ടിയതും 'മാതൃഭൂമി'യില്‍ നിന്നാണെന്ന് അന്ന് അച്ഛന്‍ പറഞ്ഞു. 'മാതൃഭൂമി'യുടെ വക ചന്ദനമരത്തില്‍ കൊത്തിയ രാധാകൃഷ്ണവിഗ്രഹം ബാലാമണിയമ്മയാണ് അച്ഛന് നല്‍കിയത്.''
അച്ഛന്റെ പ്രസിദ്ധീകരിക്കാത്ത കഥകളോ ലേഖനങ്ങളോ സൂക്ഷിക്കുന്നുണ്ടോ?
''മിക്കവാറും എല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛന്‍ പാര്‍ലമെന്റ് അംഗമായിരുന്ന കാലം പശ്ചാത്തലമാക്കി 'നോര്‍ത്ത് അവന്യു' എന്ന ഒരു നോവല്‍ എഴുതിത്തുടങ്ങിയിരുന്നു. അന്ന് ഡല്‍ഹിയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് നോര്‍ത്ത് അവന്യുവിലായിരുന്നു. ആ നോവലിനെപ്പറ്റി അച്ഛന് ഏറെ പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ, അത് പൂര്‍ത്തിയാക്കാനായില്ല. 'എന്റെ ജീവിതത്തില്‍ പാഴായിപ്പോയ അഞ്ചു വര്‍ഷം' എന്നായിരുന്നു ആ കാലത്തെ അച്ഛന്‍ വിശേഷിപ്പിച്ചത്. പക്ഷേ, മുഴുവന്‍ കഥകളും പറഞ്ഞുതീരും മുമ്പ് അച്ഛന്‍ യാത്രയായി. അല്ലെങ്കിലും യാത്രയായിരുന്നല്ലോ അച്ഛന് ഏറെയിഷ്ടം.''
അവസാനമായി ആ ഡയറിയില്‍ എഴുതിയതെന്താണ് ?
''1982 ജൂലായ് 29 നാണ് അവസാനമായി ഡയറി എഴുതിയത്. അന്ന് കളക്ടറെ കാണാന്‍ പോയ കാര്യം എഴുതി അവസാനിപ്പിച്ചതാണ്. പിറ്റേന്ന് പ്രഭാത സവാരിക്കിറങ്ങിയതാണ്. ഒപ്പം ഡോ. സി.കെ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം രക്തം പരിശോധിക്കേണ്ടതുമുണ്ടായിരുന്നു. ലാബില്‍ വെച്ച് പരിചയക്കാരനായ ബാര്‍ബര്‍ ദുരൈക്കണ്ണനെ കണ്ട് സംസാരിച്ചു. അയാളുടെ മേലേക്ക് കുഴഞ്ഞുവീണതാണ്. അയാളുടനെ ഓട്ടോറിക്ഷയില്‍ അച്ഛനെയും കൂട്ടി വീട്ടില്‍ വന്നു. പിന്നെ ബല്‍രാജിന്റെ ആസ്പത്രിയില്‍ എത്തിച്ചു. ജൂലായ് 30 ആയിരുന്നു അത്. ആഗസ്ത് ആറിന് അച്ഛന്‍ ഞങ്ങളെ വിട്ടുപോവുകയും ചെയ്തു. ജൂലായ് 29ന് ശേഷം ഒഴിഞ്ഞുകിടക്കുന്ന ആ ഡയറിത്താളുകള്‍ കാണുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം തോന്നാറുണ്ട്. പക്ഷേ, അഭിമാനിക്കാന്‍ ഒരു വിലാസവും ഓര്‍മകളും തന്നാണ് അച്ഛന്‍ യാത്രയായതെന്നോര്‍ക്കുമ്പോള്‍ നഷ്ടബോധങ്ങള്‍ക്കപ്പുറം മരണമില്ലാത്തൊരു ജീവിതത്തിന്റെ സാര്‍ഥകതയും മനസ്സിലാവുന്നു''-സുമിത്ര വീണ്ടും മകളാവുകയാണ് ; എസ്.കെ. പൊറ്റെക്കാട്ട് എന്ന സാഹിത്യകാരന്റെ അരുമയായ മകള്‍.
ജി. ജ്യോതിലാല്‍
