ഗീതാദര്‍ശനം - 309
Posted on: 18 Aug 2009
സി. രാധാകൃഷ്ണന്‍
മഹര്‍ഷയഃ സപ്ത പൂര്‍വേ
ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാഃ
യേഷാം ലോക ഇമാഃ പ്രജാഃ
സപ്തര്‍ഷികളും അവര്‍ക്കു മുമ്പുള്ള നാലു മഹര്‍ഷിമാരും (സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍ എന്നിവര്‍) അപ്രകാരംതന്നെ മനുക്കളും എന്റെ പ്രഭാവത്തോടുകൂടിയവരും (എന്റെ) മനസ്സില്‍നിന്ന് ജനിച്ചവരും ആകുന്നു. ലോകത്തിലെ ഈ പ്രജകളെല്ലാം അവരുടേതാകുന്നു. (അവരില്‍നിന്ന് ഉണ്ടായി.)
സമഷ്ടിയിലെ മഹത്തത്ത്വം, അഹങ്കാരം, പഞ്ചതന്മാത്രകള്‍ (ശബ്ദാദി വിഷയങ്ങള്‍) എന്ന ഏഴെണ്ണത്തിനു മൂര്‍ത്തരൂപം കല്പിച്ചതാണ് സപ്തര്‍ഷികള്‍. (അല്ലാതെ ഭൃഗു മുതല്‍ വസിഷ്ഠന്‍വരെയുള്ള നാമരൂപധാരികളല്ല) എന്ന് നേരത്തേ പറഞ്ഞു. ഇവര്‍ സൃഷ്ടിയുടെ കാരണത്തെ പ്രതിനിധാനം ചെയ്യുന്നു. (ഇവര്‍ക്കും മുമ്പുള്ള കേവലമായ അറിവിന്റെ പ്രതീകങ്ങളാണ് സനകാദികള്‍.) പ്രപഞ്ചത്തിന്റെ ഭൗതികപരിണാമത്തിലെ വിവിധഘട്ടങ്ങളെയാണ് മനുക്കള്‍ പ്രതിനിധാനം ചെയ്യുന്നത്. മഹാവിസ്‌ഫോടനത്തെത്തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും ജീവന് നിലനില്ക്കാനും പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം മാറുന്നു. പ്രകൃതിയുമായി ജീവന്‍ ഇടപഴകുന്നതിന്റെ രീതി വ്യത്യാസപ്പെടുന്നു. അതിനാല്‍ ഈ മനുക്കളാണ് സൃഷ്ടിപരമ്പരയെ രൂപപ്പെടുത്തിയത് എന്നു പറയാം. ഇതുവരെയായി, സ്വായംഭുവന്‍, സ്വരോചിഷന്‍, അനുത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍ എന്ന ആറു മനുക്കളുടെ കാലം കഴിഞ്ഞു. ഇപ്പോഴത്തെ മനു വൈവസ്വതന്‍.
പരമാണു മുതല്‍ മനുഷ്യന്‍വരെയും ഉല്‍ക്ക മുതല്‍ താരാകദംബംവരെയും ഉള്ള എല്ലാറ്റിന്റെയും രൂപനിര്‍മാണക്ഷേത്രങ്ങള്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തോടെത്തന്നെ അതില്‍ നിഹിതമാണെന്ന് സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഈ അനന്തകോടി രൂപനിര്‍മാണക്ഷേത്രങ്ങളുടെ ആകെത്തുകയായി പരമാത്മാവിന്റെ മനസ്സിനെ കാണാം. അതില്‍നിന്നാണ് മഹത്തത്ത്വവും അഹങ്കാരവും അഞ്ച് തന്മാത്രകളും ഉണ്ടായത്. മനുക്കള്‍ ഉരുത്തിരിഞ്ഞതും അതില്‍നിന്നാണ്. ഇങ്ങനെ ഉണ്ടായി ഉരുത്തിരിഞ്ഞതില്‍നിന്നാണ് എല്ലാ ജീവജാലങ്ങളും ജനിച്ച് രൂപാന്തരപ്പെട്ടത്.
വിശദീകരണമായി ജ്ഞാനേശ്വരിയില്‍ ഇങ്ങനെ പറയുന്നു: ''ആദ്യം ഒരു വിത്തേ ഉള്ളൂ. അതില്‍നിന്ന് ഒരേ ഒരു മുള വരുന്നു. അതു വളരുമ്പോള്‍ നാനാശാഖകളായി പൊട്ടി വിടരുന്നു. ശാഖകളില്‍നിന്ന് ഉപശാഖകള്‍ ഉണ്ടാകുന്നു. പിന്നീട് അതിലെല്ലാം പൂക്കളും പഴങ്ങളും നിറയുന്നു. ആദ്യം 'ഞാന്‍' ബീജമായി വന്നു. അതില്‍നിന്നും മനസ്സ് എന്ന അങ്കുരം ഉണ്ടായി. ആ അങ്കുരം പൊട്ടി വിടര്‍ന്ന മഹാശാഖകളാണ് മഹര്‍ഷിമാരും മനുക്കളും. അവര്‍ ഈ മാനവവംശമായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.''
സപ്തര്‍ഷികളും മനുക്കളുമൊന്നും മൂര്‍ത്തികളല്ല, പ്രപഞ്ചവിജ്ഞാനീയത്തിലെ വിവിധഘടകങ്ങളും ഘട്ടങ്ങളുമാണെന്ന തിരുത്തിക്കുറിക്കല്‍ ഈ പദ്യങ്ങള്‍ നിര്‍വഹിക്കുന്നു.
(തുടരും)