
ഗീതാദര്‍ശനം - 307
Posted on: 14 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
യോ മാമജമനാദിം ച
വേത്തി ലോകമഹേശ്വരം
അസംമൂഢഃ സ മര്‍ത്യേഷു
സര്‍വ പാപൈഃ പ്രമുച്യതേ
ആര്‍ എന്നെ അനാദിയും ജന്‍മരഹിതനും ലോകമഹേശ്വരനുമായി അറിയുന്നുവോ, അവന്‍ മനുഷ്യരില്‍ അജ്ഞാനമകന്നവനായി എല്ലാ പാപങ്ങളില്‍നിന്നും മുഴുവനായും മോചിതനാവുന്നു.
അന്വേഷണത്തെ സഹായിക്കാന്‍ ക്ലൂ തരുന്നു. അകത്തിരിക്കുന്ന ആള്‍ക്ക് മൂന്ന് വിശേഷണങ്ങള്‍ പറയുന്നു. ഒന്ന്, അത് ജനനമില്ലാത്തതാണ്. നിലവിലുള്ള ഒന്ന് ജനനമില്ലാത്തതാകണമെങ്കില്‍ അത് ശാശ്വതമായിരിക്കണം. എല്ലാ കാലത്തും ഉള്ളതാകണമെങ്കില്‍ കാലം അതിന്റെ ഉത്പന്നമായിരിക്കയും വേണം. ഒടുക്കവും തുടക്കവുമായി നിത്യപരിചയമുള്ള നമുക്ക് ഇങ്ങനെയൊന്ന് സങ്കല്പിക്കാന്‍ പ്രയാസമാണ്. പക്ഷേ, അങ്ങനെ ഒന്ന് ഇല്ലെങ്കില്‍ മറ്റൊന്നും ഉണ്ടാകാന്‍ തരമില്ല എന്ന് സാമാന്യബുദ്ധികൊണ്ട് അറിയാവുന്നതിനാല്‍ അത്തരമൊന്നിനെ സങ്കല്പിക്കാതിരിക്കാനും സാധ്യമല്ല. ഇതൊരു വലിയ വെല്ലുവിളിയാണ്. അങ്ങനെ ഒന്ന് ഉണ്ടായേ തീരൂ എന്ന് യുക്തി നമ്മോടു പറയുന്നു. ലോകാനുഭവം അതൊരു ബോധ്യമാകാന്‍ തടസ്സം നില്‍ക്കുന്നു. നിത്യമായതിന്റെ അനുഭവം അല്പമായെങ്കിലും ഉണ്ടാകുമ്പോഴേ ഈ വെല്ലുവിളിയെ മറികടന്ന് നാം ശരിയായി അറിയൂ. എന്നുവെച്ചാല്‍ ആ അറിവുണ്ടായ ആള്‍ ആ അനുഭവം കൈവന്നവനായിരിക്കും.
ജനനമില്ലാത്തതെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു തുടക്കമില്ലാത്ത ഒന്നിനെയും ഭാവന ചെയ്യാന്‍ നമുക്കു പ്രയാസമാണ്. ഉദാഹരണം, സൂര്യന് ഒരമ്മയും ജന്മം നല്‍കിയിട്ടില്ല, പക്ഷേ, അതിനൊരു തുടക്കമുണ്ട്. പരമാത്മാവിന് അങ്ങനെയൊരു തുടക്കമില്ല. അതിനാല്‍ ഒടുക്കവുമില്ല. ഈ അനാദിത്വം ബോധ്യമാകണമെങ്കിലും മുകളില്‍ പറഞ്ഞപോലെ, ആത്മസ്വരൂപത്തിന്റെ അല്പാനുഭവമെങ്കിലും കൂടിയേ തീരൂ. അതുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഈ തിരിച്ചറിവിന്റെ പാതയില്‍നിന്ന് ഒരിക്കലും തിരിച്ചുപോക്ക് ഇല്ല.
എല്ലാ രൂപനിര്‍മാണക്ഷേത്രങ്ങളിലെയും കാതലായ ജീവസാന്നിദ്ധ്യം എന്ന ഈശാംശം കുടിയിരിക്കുന്നത് വിശ്വജീവനിലാണ്. അതിനാല്‍ ആ പരമാത്മാവ് മഹേശ്വരനാണ്. ഈ മഹേശ്വരത്വം അനുഭവവേദ്യമാകണമെങ്കില്‍ എല്ലാറ്റിലുമുള്ളത് ഒരേ പരമാത്മചൈതന്യമാണ് എന്ന അനുഭവം കുറച്ചെങ്കിലും കൈവരണം.
സയന്‍സിന്റെ അടിത്തറ കാര്യകാരണചിന്തയാണ്. എന്തിനുമൊരു കാരണം വേണമെന്നതിനാല്‍ ആദികാരണമെന്ന ആശയം സയന്‍സിന് അസ്വീകാര്യമാണ്. (കാരണം, അതിനും വേണമല്ലോ ഒരു കാരണം!) ദ്വന്ദ്വാതീതമായ ഒരവസ്ഥ സങ്കല്പിക്കാന്‍ കഴിയാത്തതാണ് മതങ്ങളുമായി സയന്‍സിന് ഇന്നുള്ള പൊരുത്തക്കേടിന്റെ കാതല്‍. യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളില്‍ പ്രപഞ്ചത്തിന്റെ നിമിത്തകാരണത്തെ (efficient cause) ആണ് സ്രഷ്ടാവായി സങ്കല്പിച്ചിരിക്കുന്നത്. 'ദൈവം പറഞ്ഞതുകൊണ്ടുണ്ടായി' എന്നതിന്റെ ഉറവിടം ഈ സങ്കല്പമാണ്. 'ആയിത്തീരട്ടെ എന്നു സങ്കല്പിച്ചതിനാല്‍ അപ്രകാരമായി' എന്ന് ഉപനിഷത്തില്‍ പറയുന്നതിനോട്‌സമമാണ് ഇത്. ഇവിടെ കാര്യകാരണബന്ധത്തെ നിഷേധിക്കുകയല്ല, കാര്യത്തിലിരിക്കുന്നത് കാരണസത്തയില്‍നിന്ന് ഭിന്നമായ ഒന്നല്ലെന്ന് നിരീക്ഷിക്കുക മാത്രമാണ്. പക്ഷേ, ഇത്തരം ഒരു കാര്യ-കാരണ ഏകത്വം സയന്‍സിന് സ്വീകാര്യമല്ല.
നിരീക്ഷിതബലങ്ങളുടെ ദ്വന്ദ്വാത്മകതയെ മറികടന്ന് ബലങ്ങളെ ഏകീകരിക്കാന്‍ സാധിക്കാത്തത്, സ്വയം പരിണമിച്ച് പ്രപഞ്ചമായിത്തീരാന്‍ കഴിയുന്ന ഒരു മഹാബലത്തെ ഈ വിധം സങ്കല്പിക്കാന്‍ സയന്‍സിന്റെ നിലവിലുള്ള രീതിശാസ്ത്രം സമ്മതിക്കാത്തതിനാലാണ്. ദൃശ്യപ്രപഞ്ചത്തില്‍ സാര്‍വലൗകികങ്ങളായ ഭൗതിക സ്ഥിരാങ്കങ്ങള്‍ (physical constants) ഉണ്ടെന്ന് ശഠിച്ചും അവയെ മുറുകെപ്പിടിച്ചും സയന്‍സ് വിഷമിക്കുന്നു. ഈ വിഷമം ഏറെ വൈകാതെ പരിഹരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. എന്തുകൊണ്ടെന്നാല്‍ സയന്‍സിന്റെ സ്ഥിരാങ്കശാഠ്യങ്ങള്‍ ബാധകമല്ലാത്ത ഇടനിലകള്‍ (discontinuities) ഇപ്പോഴേ പ്രപഞ്ചത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
(തുടരും)





