githadharsanam

ഗീതാദര്‍ശനം - 306

Posted on: 13 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


ന മേ വിദുഃ സുരഗണാഃ
പ്രഭവം ന മഹര്‍ഷയഃ
അഹമാദിര്‍ഹി ദേവാനാം
മഹര്‍ഷീണാം ച സര്‍വശഃ
എന്റെ ഉത്പത്തി ദേവഗണങ്ങള്‍ അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ദേവന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും എല്ലാ വിധത്തിലും ആദികാരണമാകുന്നു.
ഇന്ദ്രിയങ്ങളെയാണ് ദേവന്‍മാര്‍ എന്നു പറയുന്നത് (ദേവമാഖ്യാതമിന്ദ്രിയേ - അഭിധാനചിന്താമണി). അവയാണല്ലോ ബാഹ്യപ്രപഞ്ചത്തെ അറിയാനുള്ള ഉപാധികള്‍. സമഷ്ടിയിലെ മഹത്തത്ത്വം, അഹങ്കാരം, പഞ്ചതന്മാത്രകള്‍ (ശബ്ദാദിവിഷയങ്ങള്‍) എന്ന ഏഴെണ്ണത്തിന് മൂര്‍ത്തരൂപം കല്പിച്ചതാണ് സപ്തര്‍ഷികള്‍, അല്ലാതെ ഭൃഗു മുതല്‍ വസിഷ്ഠന്‍ വരെ ഉള്ള കഥാപാത്രങ്ങളല്ല.
ഈ ദേവന്‍മാരുടെയും ഋഷിമാരുടെയും ഉത്ഭവവും വാഴ്‌വും പരമാത്മാവിനെ ആധാരമാക്കിയിട്ടാകയാല്‍ ഇക്കൂട്ടര്‍ക്കൊന്നും പരമാത്മാവിന്റെ ഉത്ഭവം അറിയാനാവില്ല. ജ്ഞാനേശ്വരി ചോദിക്കുന്നു: ''ഗര്‍ഭസ്ഥശിശുവിന് അമ്മയുടെ പ്രായം അറിയാന്‍ കഴിയുമോ? (അതുപോലെ ദേവതകളൊന്നും എന്നെ അറിയുന്നില്ല.) കടലില്‍ കിടക്കുന്ന മത്സ്യം സമുദ്രത്തെ ആകവേ അറിയുന്നുണ്ടോ? ഈച്ചയ്ക്ക് ആകാശത്തില്‍ പറക്കാമെന്നിരുന്നാലും അത് ആകാശം മുഴുവന്‍ പറന്നു തീര്‍ക്കുന്നുണ്ടോ? (അത്രയേ്ക്കയുള്ളൂ മഹര്‍ഷിമാരുടെ അറിവും.)''
രണ്ട് കാര്യങ്ങളാണ് ഒറ്റയടിക്ക് ഇവിടെ സാധിക്കുന്നത്. പരംപൊരുളിന്റെ സര്‍വൗന്നത്യം സ്ഥാപിതമാകുന്നു. അതോടൊപ്പം ദേവന്മാരുടെയും മഹര്‍ഷിമാരുടെയും കാര്യത്തിലുള്ള അടിസ്ഥാനസങ്കല്പത്തെ വീണ്ടെടുക്കുന്നു. കഥകളിലെയും പുരാണങ്ങളിലെയും ദേവന്മാരെയും മഹര്‍ഷിമാരെയും സങ്കല്പസൃഷ്ടികളെന്ന പദവി നല്‍കി മാറ്റി നിര്‍ത്തുന്നു.
ഇനി പറയാന്‍പോകുന്ന നിരവധി സൃഷ്ടികളുടെ കൂട്ടത്തില്‍ ഒന്നായി പരംപൊരുളിനെ കാണാതിരിക്കാന്‍ ആദ്യമേ പരംപൊരുളിനെ അനുപമേയമാക്കി വെക്കുന്നു എന്ന നടരാജഗുരുവിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു. (വിശുദ്ധ ഖുര്‍-ആനില്‍ ആദ്യംതന്നെ സര്‍വശക്തനെ 'ലാ ഇലാഹ് ഇല്ലല്ലാഹ്' എന്ന നിര്‍വചനംകൊണ്ട് എല്ലാറ്റില്‍നിന്നും അന്യമാക്കി പ്രതിഷ്ഠിക്കുന്നു. അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളേ പറയുന്നുള്ളൂ. പറയാതെ വിട്ട ഒന്ന് പറയാനാവാത്തതാണ്. പരമമായിരിക്കുന്നത് അനന്യമാണെന്ന് ആദ്യമേ സ്ഥാപിക്കുകയാണ് അവിടെയും.)
പരമാത്മജ്ഞാനത്തിന്റെ ഒരു സവിശേഷത ഈ ശ്ലോകം വെട്ടിത്തുറന്നു പറയുന്നു. ''കണ്ടവരില്ലാ പാരില്‍, കണ്ടുവെന്നുരപ്പവര്‍ കണ്ടവരല്ല, കാണാന്‍ ഞാന്‍തന്നെ യത്‌നിക്കണം'' എന്നതാണ് അത്. ആ വഴിയില്‍ മുന്നേറിയവരുടെ വിരലില്‍ തൂങ്ങി കുറെ പോകാം. പിന്നെ, പരംപൊരുള്‍ സ്വയം വെളിപ്പെടുത്തിത്തരണം. വേറെ പഴുതില്ല. ഒരു തുണ്ടെടുത്ത് മണത്തോ രുചിച്ചോ തൂക്കിയോ നോക്കി അപഗ്രഥിച്ച് ഉണ്ടാക്കിയെടുക്കാവുന്ന അറിവല്ല. പുറമെ എങ്ങുനിന്നും സമ്പാദിക്കാന്‍ പറ്റില്ല, അകത്തുനിന്നു വരണം. അകത്തിരുന്നു പ്രകാശിക്കുന്നത് പരമാത്മാവുതന്നെ ആകയാല്‍ ആവരണത്തിന്റെ കട്ടി അനുസരിച്ച് 'വെളിപ്പെടല്‍' കൂടിയും കുറഞ്ഞും ഇരിക്കുന്നു. മൂടുപടത്തിനകത്തിരിക്കുന്ന ആളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എങ്കിലല്ലേ, വെളിപ്പെട്ടു കിട്ടാനുള്ള ശ്രമം തുടങ്ങാനാവൂ? അകത്താരാണ്?

(തുടരും)



MathrubhumiMatrimonial