githadharsanam

ഗീതാദര്‍ശനം - 305

Posted on: 11 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


ഭൂയ ഏവ മഹാബാഹോ
ശൃണു മേ പരമം വചഃ
യത്തേfഹം പ്രീയമാണായ
വക്ഷ്യാമി ഹിതകാമ്യയാ

മഹാബാഹുവായ അര്‍ജുനാ, (ഇതുവരെ കേട്ടതില്‍) സന്തുഷ്ടനായ നിന്നോട് ഞാന്‍ (നിന്റെ, ലോകത്തിന്റെയും) ഹിതത്തിനായിത്തന്നെ പറയാന്‍പോകുന്ന, പരമമായ (തത്ത്വത്തെ അവതരിപ്പിക്കുന്ന) വാക്കുകളെ ഇനിയും കേട്ടുകൊള്ളുക.
തിയറി അനായാസം പഠിച്ച് മിടുക്കനും സന്തുഷ്ടനുമായ ശിഷ്യനെ പ്രായോഗിക പരിശീലനത്തിലേക്ക് നയിക്കുകയാണ്. പ്രീയമാണായ എന്നതുകൊണ്ട് വെളിപ്പെടുന്ന കാര്യം, ഇതുവരെ പറഞ്ഞ തിയറി അര്‍ജുനന് വേണ്ടുംവണ്ണം ദഹിച്ചിരിക്കുന്നു എന്നാണ്. അജീര്‍ണത്തിന്റെ അപ്രിയം ലവലേശമില്ല എന്നു മാത്രമല്ല ദഹിച്ചേടത്തോളം ആഹാരം പോഷകമായി ഭവിച്ചിട്ടുമുണ്ട്. കൃഷ്ണന് അര്‍ജുനനെക്കുറിച്ചുള്ള മതിപ്പും അര്‍ജുനന് തിരികെ കൃഷ്ണനിലുള്ള അടിയുറച്ച വിശ്വാസവും ശ്രദ്ധിക്കണമെന്നു നിര്‍ദേശിച്ച് ജ്ഞാനേശ്വര്‍ മഹാരാജ് ഇങ്ങനെ തുടരുന്നു: ''ഒരു കുഞ്ഞിനെ അമ്മ ആഭരണങ്ങള്‍ അണിയിച്ച് അലങ്കരിക്കുമ്പോള്‍ കുഞ്ഞിനേക്കാളും അതില്‍ പ്രീതിയുണ്ടാകുന്നത് അമ്മയ്ക്കാണ്.''
മഹാബാഹോ എന്ന സംബോധന ഉല്‍സാഹിപ്പിക്കല്‍തന്നെ. മഹത്തായ കൈകളോടുകൂടിയവന് (മഹാന്തൗ ബാഹൂയസ്യ) എന്താണ് അസാധ്യമായിട്ടുള്ളത്? കീഴടക്കാനുള്ള യഥാര്‍ഥസാമ്രാജ്യം തന്റെ ആന്തരികാനന്ദത്തിന്റെ അതിരില്ലാ നാടാണ്. പോരിനുള്ള ആയുധം കിട്ടിക്കഴിഞ്ഞു. ഇനി നന്നായി അടരാടുകയേ വേണ്ടൂ. ശേഷിയുള്ള കൈകളുമുള്ള സ്ഥിതിക്ക് വിജയം തീര്‍ച്ച.
ഇങ്ങനെ സാരോപദേശം നല്‍കുന്നതിന് പരമഗുരുവായ ആത്മസ്വരൂപത്തിനുള്ള പ്രേരണ ഹിതകാമനയാണെന്നു പറയുന്നു. ഹിതം അര്‍ജുനന്റെയോ ലോകത്തിന്റെയോ തന്നെ. ഹിതത്തിന് ഇഷ്ടമെന്നല്ല, നല്ലത് എന്നുപോലുമല്ല അര്‍ഥമെന്ന് സൂക്ഷ്മവിചാരത്തില്‍ കാണാം. കാരണം, ആര്‍ക്കും പാപമോ പുണ്യമോ ഈശ്വരന്‍ നല്‍കുന്നില്ല (നാദത്തേ കസ്യചിത് പാപം ന ചൈവ സുകൃതം വിഭുഃ - 5,15) എന്ന് നേരത്തേ പറഞ്ഞു വെച്ചു. 'ചേരുംപടിയുള്ള ചേര്‍ച്ച' എന്നേ ഹിതമെന്ന വാക്കിന് താത്പര്യം കല്പിക്കാനാവൂ. വിശ്വഗതിയുടെ സ്വാഭാവികമായ പരിണതി എന്തോ അതു നടക്കണം. അതിന് അര്‍ജുനന്റെയും ലോകത്തിന്റെയും വര്‍ത്തമാനകാലചേര്‍ച്ച സ്വാഭാവികമാകണം.
(തുടരും)



MathrubhumiMatrimonial