
ഗീതാദര്‍ശനം - 304
Posted on: 10 Aug 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
വിദ്യകളില്‍ രാജാവായ വിദ്യ വശമാകാന്‍ നാലു കാര്യങ്ങള്‍ ഒത്താല്‍ മതി എന്ന് കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍ പറഞ്ഞു. അതില്‍ ഒന്നാമത്തേത് പരമാത്മാവില്‍ മനസ്സിനെ ഉറപ്പിച്ചവനായി ഭവിക്കുകയാണ്. പരമാത്മാവിനെ കണ്ടുകിട്ടിയിട്ടു വേണ്ടേ അതില്‍ മനസ്സുറപ്പിക്കാന്‍? അനുഭവങ്ങളുടെയും കാഴ്ചകളുടെയും അറിവുകളുടെയും അളവും വൈവിധ്യവും അനന്തമായിരിക്കെ, ഇതില്‍ ഏതിലെല്ലാമാണ് പരമാത്മാവിന്റെ പ്രത്യക്ഷസാന്നിധ്യം കാണേണ്ടത്? തുടക്കത്തില്‍ ഏതേതു ഭാവങ്ങളിലാണ് പരമാത്മാവിനെ ധ്യാനിക്കേണ്ടത്? ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഈ അധ്യായം. അടുത്ത അധ്യായത്തില്‍ വിശ്വരൂപദര്‍ശനം സാധ്യമാകയും ചെയ്യുന്നു.
പരമാത്മാവില്‍ മനസ്സിനെ ഉറപ്പിക്കാനുള്ള വഴി പിന്‍തുടരുകയാണ് രണ്ടാമത്തെ കാര്യം. അതായത്, പരമാത്മാവിന്റെ ഭക്തനാവുക. ആ പ്രേമം വളരാനുള്ള ഉപായമാണ് മൂന്നാമതായി അനുവര്‍ത്തിക്കാനുള്ള കാര്യം. നാലാമതായി, എപ്പോഴുമെപ്പോഴും പരമാത്മാവിനെ നമസ്‌കരിക്കുക. അഹന്തയുടെ വേരറ്റ്, അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും രണ്ടല്ലാതായിത്തീരാനാണ് ഇത്. ഈ മൂന്നും എങ്ങനെ സാധിക്കാമെന്ന് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
ഓരോരുത്തനും അവനവന്റെ മനസ്സുകൊണ്ട് വ്യക്തിനിഷ്ഠമായി ഓരോ മാനസികലോകം സൃഷ്ടിക്കുന്നു. അതിലുപരി ഒരു കുടുംബത്തിന് ഒരു പൊതുമനസ്സുണ്ടല്ലോ. ഒരു സമൂഹത്തിനു കൂടുതല്‍ ബൃഹത്തായ ഒരു പൊതുമനസ്സുമുണ്ട്. അതുപോലെ വിശ്വത്തിനു മൊത്തമായുള്ള മഹാമനസ്സാണ് മഹേശ്വരന്‍. ആ മനസ്സില്‍ അചരങ്ങളുടെ ഉറങ്ങുമ്മനവും സസ്യങ്ങളുടെ അവികസിതമനവും മൃഗങ്ങളുടെ അല്പവികസിതമനവും മനുഷ്യരുടെ വികസിതമനവും എല്ലാം ഉള്‍പ്പെടുന്നു. നമ്മുടെ മനസ്സിനു വിശ്വമനസ്സുമായുള്ള താദാത്മ്യമാണ് പരമമായ ആനന്ദവും ശാന്തിയും. ചില സൃഷ്ടികളില്‍ വിശ്വമനസ്സിന്റെ സാന്നിധ്യം കൂടുതല്‍ പ്രകടമായി കാണുന്നു. അവയെ ധ്യാനിച്ചാല്‍ ഒരു തുടക്കക്കാരന് വിശ്വമനസ്സിനെക്കുറിച്ചുള്ള അറിവിന്റെ പടിവാതില്‍ കടക്കാം. ഇവിടംമുതല്‍ യോഗവിദ്യയുടെ പ്രാക്ടിക്കല്‍സാണ്. ഗീതയുടെ ആദ്യപകുതി അധ്യാത്മവിദ്യയുടെ തിയറിയാണെങ്കില്‍ രണ്ടാംപകുതി പ്രാക്ടീസാണെന്നു കരുതപ്പെടുന്നു.
ഈ അധ്യായം അര്‍ജുനന്റെ (നമ്മുടെ) കാഴ്ചപ്പാട് വിപുലീകരിക്കുന്നു. മുന്നില്‍ നില്ക്കുന്ന യാദവകൃഷ്ണന്‍, ഏറെ താമസിയാതെ, സര്‍വകാലത്തും വിശ്വമെങ്ങും നിറഞ്ഞിരിക്കുന്ന പരമാര്‍ഥമായി മാറുകയായി. അതോടെ, ഒരിടത്തു മാത്രം കാണാവുന്ന പ്രിയപ്പെട്ട ആരാധനാമൂര്‍ത്തിയോടുള്ള പ്രേമം സര്‍വവ്യാപിയും പുളകംകൊള്ളിക്കുന്നത്ര ആശ്ചര്യകരവുമായി ഭവിക്കുന്നു.
പ്രപഞ്ചമനസ്സ് ചില സൃഷ്ടികളിലൂടെ കൂടുതലായി സ്വയം വെളിപ്പെടുത്തുന്നുണ്ട്. അവയെ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് ഒരു മതത്തിന്റെയും പ്രത്യേക താത്പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തെങ്ങും മനുഷ്യരാശിക്ക് പ്രിയങ്കരങ്ങളായ അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ ഒരുപോലെ പരാമര്‍ശിക്കുന്നു എന്ന് ഗുരു നിത്യചൈതന്യയതി എടുത്തുപറയുന്നു. നിലവിലിരുന്ന കവിസങ്കല്പങ്ങളെയും മിത്തുകളെയും പ്രാഗ്‌രൂപങ്ങളെയും പ്രതീകങ്ങളെയും ചിരപുരാതനങ്ങളായ വിശ്വാസങ്ങളെയും ഗീതാകാരന്‍ തന്റെ സൃഷ്ടിക്കു വിഭവങ്ങളാക്കിയിരിക്കുന്നു. അതോടൊപ്പം ഇവയുടെയെല്ലാം യഥാര്‍ഥ വിവക്ഷകള്‍ പുനരാവിഷ്‌കരിക്കയും ചെയ്യുന്നു. (ഇവയുടെ തെറ്റായ ഭാഷ്യങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നവര്‍ തമ്മില്‍ അന്നേ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെന്നു നിശ്ചയം.)
അര്‍ജുനന്റെ ചോദ്യത്തിനു കാത്തുനില്ക്കാതെ കൃഷ്ണന്‍ തുടര്‍ന്നു പറയുന്ന രീതിയിലാണ് ഈ അധ്യായത്തിന്റെയും ആരംഭം - കൊടുമുടിയില്‍നിന്ന് ഉറവപൊട്ടിയ നദി സ്വയമേവ ഒഴുകുന്നപോലെ. ആത്മസ്വരൂപം വെളിവായിത്തുടങ്ങിയാല്‍ ആ ഒഴുക്ക് തന്നത്താന്‍ ശക്തി പ്രാപിക്കുമെന്ന് സൂചിപ്പിക്കപ്പെടുന്നു. (തേര്‍ത്തടത്തിലിരിക്കുന്ന കൃഷ്ണനെ ഹൃത്തടത്തിലിരിക്കുന്ന ആത്മസ്വരൂപമായും കരുതാവുന്ന രീതിയിലാണ് ആഖ്യാനമെന്നുകൂടി ഓര്‍ക്കണം.)
(തുടരും)





