
ഗീതാദര്‍ശനം - 303
Posted on: 10 Aug 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
മന്മനാ ഭവ മദ്ഭക്തഃ
മദ്യാജീ മാം നമസ്‌കുരു
മാമേവൈഷ്യസി യുക്തൈ്വവം
ആത്മാനം മത്പരായണഃ
എന്നില്‍ മനസ്സിനെ ഉറപ്പിച്ചവനായും എന്നില്‍ ഭക്തിയുള്ളവനായും എനിക്കായി കര്‍മം ചെയ്യുന്നവനായും ഭവിക്കൂ. പരമാത്മാവിനെ നമസ്‌കരിക്കൂ. അങ്ങനെ, പരമാത്മാവുതന്നെ പരമാശ്രയം എന്നുറച്ച് മനസ്സിനെ പരമാത്മാവുമായി യോജിപ്പിച്ചാല്‍ പരമാത്മാവിനെത്തന്നെ പ്രാപിക്കും.
വിദ്യകളില്‍ രാജാവായ വിദ്യയുടെയും രഹസ്യങ്ങളില്‍ കാതലായ രഹസ്യത്തിന്റെയും രത്‌നച്ചുരുക്കമാണ് ഇത്. നാലു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ഈ വിദ്യ പഠിഞ്ഞു, ഈ രഹസ്യം പിടികിട്ടുകയും ചെയ്തു. പരമദുരാചാരനായാലും ഏതു ജാതിയായാലും ആണായാലും പെണ്ണായാലും ഏത് ദേശക്കാരനായാലും ഏത് പ്രായക്കാരനായാലും ഇതു നാലും ചെയ്യാന്‍ കഴിയും. ചെയ്താല്‍ ഫലിക്കുകയും ചെയ്യും.
ഒന്ന്, പരമാത്മാവില്‍ മനസ്സിനെ ഉറപ്പിച്ചവനായി ഭവിക്കുക. ഈ പ്രപഞ്ചത്തിന്റെ നാശരഹിതമായ ജീവനാണ് പരമാത്മാവ്.
അതില്‍ മനസ്സിനെ ഉറപ്പിക്കണമെങ്കില്‍ മനസ്സുകൊണ്ട് അതായിത്തീരണം. അതിനുള്ള വഴി പിന്‍തുടരുകയാണ് രണ്ടാമത്തെ കാര്യം. പരമാത്മാവിന്റെ ഭക്തനാവുക. അഭേദമായ അര്‍പ്പണമാണ് ഭക്തി. പ്രതിഫലേച്ഛ കൂടാതെയുള്ള പ്രേമവുമാണത്. ആ പ്രേമം വളരാനുള്ള ഉപായമാണ് മൂന്നാമതായി അനുവര്‍ത്തിക്കാനുള്ള കാര്യം. കര്‍മങ്ങള്‍ എല്ലാംതന്നെ പരമാത്മാവിനായിക്കൊണ്ട് ചെയ്യുക. ഓരോ ചെയ്തിയും ഓരോ ആരാധനയാക്കൂ. നാലാമതായി, എപ്പോഴുമെപ്പോഴും എന്നെ നമസ്‌കരിക്കൂ. അതായത്, എന്തു ചെയ്യുമ്പോഴും ഒന്നും ചെയ്യാതിരിക്കുമ്പോഴും മനസ്സുകൊണ്ട് എന്നെ നമസ്‌കരിക്കൂ. നമസ്‌കരിക്കുമ്പോള്‍ അഹന്ത ഇല്ലാതാകുന്നു. നമസ്‌കാരഭാവത്തിന്റെ പരകോടിയില്‍ അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും രണ്ടല്ലാതായും തീരുന്നു.
ഗീതയെ നടുവെ പകുത്താല്‍ ആദ്യപകുതിയുടെ അവസാനത്തില്‍ വരുന്ന ഈ ശ്ലോകം ഗീതയുടെ സാരം മുഴുവനായി ഉള്‍ക്കൊള്ളുന്നു എന്നു പറയാം. അതിനാലാകാം, പതിനെട്ടാമധ്യായത്തിലെ അറുപത്തഞ്ചാം ശ്ലോകമായി ഇതേ കാര്യം വീണ്ടും വരുന്നത്.
ഇതി രാജവിദ്യാരാജഗുഹ്യയോഗോ നാമ നവമോശധ്യായഃ
രാജവിദ്യാരാജഗുഹ്യയോഗമെന്ന ഒമ്പതാമധ്യായം സമാപിച്ചു.
(തുടരും)





